രാജിവച്ച ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരടക്കം 46 പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ പത്തനംതിട്ട വി.കോട്ടയത്ത് ഇന്ന് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം. പൂട്ടിച്ച പാറമട തുറക്കണം എന്നാവശ്യപ്പെട്ടുള്ള യോഗത്തില്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം പങ്കെടുത്തതാണ് കൂട്ടരാജിക്ക് കാരണം. രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ നോട്ടിസിലും പോസ്റ്ററിലും കാരണം പറയാത്തതാണ് പുതിയ വിവാദം.
പത്തനംതിട്ട വി കോട്ടയത്തെ അമ്പാടി ക്രഷര്‍ ഹൈക്കോടതി ഇടപെടലില്‍ പൂട്ടിയിട്ട് രണ്ട് വര്‍ഷത്തോളമായി. പാറമട പൂട്ടണമെന്ന് ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ പ്രമേയമടക്കം പാസാക്കി നാട്ടുകാരുടെ സമരത്തിനൊപ്പം നിന്നതാണ്. രണ്ടാഴ്ച മുന്‍പ് സിഐടിയു അടക്കം സംയുക്ത ട്രേഡ് യൂണിയന്‍ പാറമട തുറക്കണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച യോഗം മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെയാണ് കൂട്ട രാജി ഉണ്ടായത്. രാജു എബ്രഹാം പാറമട തുറക്കാനുള്ള യോഗത്തില്‍ പങ്കെടുത്തതോടെ തങ്ങള്‍ നാട്ടില്‍ അപമാനിതരായി എന്നും വയനാടിന് വേണ്ടി സഹായം തേടി വീടുകളില്‍ ചെല്ലാന്‍ പോലും കഴിയില്ലെന്ന് രാജി വച്ചവര്‍ പരാതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പിഉദയഭാനു തന്നെ ഇടപെട്ട് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. എന്തിനാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത് എന്ന് പോസ്റ്ററിലും നോട്ടിസിലും ഇല്ലാത്തതാണ് പുതിയ വിവാദം രാഷ്ട്രീയ വിശദീകരണ യോഗമെന്ന പേരില്‍ നടത്തുന്ന അനുനയ നീക്കം അംഗീകരിക്കാന്‍ പ്രയാസമുണ്ട് എന്നാണ് രാജിവച്ചവരുടെ നിലപാട്