പത്തനംതിട്ട അടൂരില്‍ എം.സി.റോഡിലും, കെ.പി.റോഡിലും മരണക്കെണികളായി കുഴികള്‍. ഓട്ടോറിക്ഷായ യാത്രക്കാരന്‍ മരിക്കാനിയായ എം.സി.റോഡിലെ കുഴി ട്രാഫിക് പൊലീസ് തന്നെ നേരിട്ടിറങ്ങി അടച്ചു. ചിലയിടത്ത് താല്‍‍ക്കാലികമായി മണ്ണിട്ട് അടയ്ക്കുന്നത് മാത്രമാണ് നടക്കുന്നത്.

ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് പല കുഴികളും ഉണ്ടായത്. പൈപ്പ് തകരാര്‍ പരിഹരിച്ചാലും കുഴി വേണ്ടവിധം മൂടില്ല.  ഇത്തരം ഒരു കുഴിയില്‍ വീണ ഓട്ടോറിക്ഷ മറിഞ്ഞാണ് ആനന്ദപ്പള്ളി പുല്ലുവിളയില്‍ സുരേന്ദ്രന്‍ മരിച്ചത്. പൊതുമരാമത്ത് വകുപ്പിനെ നോക്കിയിരിക്കാതെ പൊലീസ് തന്നെ രംഗത്തിറങ്ങി കുഴിയടച്ചു. മാസങ്ങളായി ഈ മേഖല കുഴികള്‍ നിറ‍ഞ്ഞതായിരുന്നു.  

കെപി റോഡിൽ ഏഴംകുളം, പറക്കോട്, കോട്ടമുകൾ കവലകളിലെയും എംസി റോഡിൽ സെൻട്രൽ ജംക‌്ഷന് തെക്ക്, നെല്ലിമൂട്ടിൽ പടി എന്നിവിടങ്ങളിലെയും കുഴികളാണ് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും കാരണം. ഏഴംകുളം നാല്‍ക്കവലയിലാണ് കുഴി.  പറക്കോടും ഇതാണ് അവസ്ഥ. 

കോട്ടമുകൾ കവലയിൽ കുഴിക്ക് മുകളിലുള്ള സ്ലാബ് തകർന്നിട്ട് മാസങ്ങളായി. ഇവിടെ കുഴിയുടെ വായ് ഭാഗം നാട്ടുകാർ പുല്ലു വെട്ടിയിട്ട് അടച്ചിരിക്കുകയാണ്. രാത്രി കാലത്താണ് റോഡിലെ കുഴി മരണക്കെണിയായി മാറുന്നത്. 

ENGLISH SUMMARY:

Potholes are death traps on MC Road and KP Road in Adoor