പത്തനംതിട്ട ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ഐ.എം.എ തുടങ്ങാനിരിക്കുന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ രണ്ടാംഘട്ട സമരവുമായി നാട്ടുകാർ. പ്രതിഷേധ മാർച്ചിൽ സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. പ്ലാന്റിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് ഏനാദിമംഗലം പഞ്ചായത്ത്.
അടൂരിൽ കിൻഫ്ര പാർക്കിലാണ് ഐഎംഎയ്ക്ക് രണ്ടാമത്തെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ജനവാസമേഖലയോട് ചേർന്ന് പ്ലാന്‍റ് അനുവദിക്കില്ലെ എന്നാണ് നാട്ടുകാരുടെ നിലപാട്. പബ്ലിക് ഹിയറിങ്ങിലും സ്വീകരിച്ചത് ഇതേ നിലപാടാണ്. പ്ലാന്റിനെതിരെ സിപിഎമ്മും കോൺഗ്രസും അടക്കം ജനങ്ങൾക്കൊപ്പം ഒറ്റക്കെട്ടാണ്.
ഐഎംഎയുടെ നിലവിലെ പ്ലാൻറ് പാലക്കാട്ടാണ്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉടവിടത്തില്‍ നിന്ന് 75 കിലോമീറ്ററിനുളളില്‍, 24 മണിക്കൂറിനകം സംസ്ക്കരിക്കണമെന്നാണ് പുതിയ കേന്ദ്ര നിയമം. മാലിന്യവുമായി പാലക്കാട് വരെ ഇനി പോകാനാവില്ല എന്നും തെക്കൻ മേഖലയിൽ പുതിയ പ്ലാൻറ് അല്ലാതെ വഴിയില്ല എന്നുമാണ് ഐ എം എ യുടെ നിലപാട്.