പത്തനംതിട്ട കോന്നിയില്‍ കിണറ്റില്‍ കാട്ടുപന്നി വീണത് അറിയിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥരോ പഞ്ചായത്തോ സഹായിച്ചില്ലെന്ന പരാതിയുമായി വീട്ടമ്മ. ആരും വരാതിരുന്നതോടെ പന്നി കിണറ്റില്‍ കിടന്നു ചത്തു. ഇതോടെ കുടിവെള്ളം മുട്ടിയ അവസ്ഥയായി ഈ കുടുംബത്തിന്.
കോന്നി വകയാര്‍ കരിങ്കുടുക്കയില്‍ ഷീലയുടെ കിണറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചെറിയ കാട്ടുപന്നി വീണത്. ഉടന്‍ തന്നെ വനംവകുപ്പ് ദ്രുത കര്‍മസേനയെ അറിയിച്ചെങ്കിലും പഞ്ചായത്തിനാണ് കാട്ടുപന്നിയെ കൈകാര്യം ചെയ്യാനുള്ള ചുമതല എന്ന് പറഞ്ഞ് ഒഴിഞ്ഞു. പ്രമാടം പഞ്ചായത്തിനെ സമീപിച്ചെങ്കിലും തങ്ങള്‍ക്കല്ല ചുമതല എന്നു പറഞ്ഞ് അവരും ഒഴിഞ്ഞു. അടുത്ത ദിവസം കിണറ്റില്‍ കിടന്ന് പന്നി ചത്തു. ഇതോടെ കുടിവെള്ളം മുടങ്ങി
മലയോര പ്രദേശം ആയതിനാല്‍ നാല്‍പതിനായിരം രൂപ ചെലവിട്ടാണ് പുതിയ കിണര്‍ കുഴിപ്പിച്ചത്. പന്നി ചത്തതോടെ കിണര്‍ ശൂചികരിക്കണമെങ്കില്‍ വലിയ ചെലവു വരുമെന്നും ഷീല പറയുന്നു. കര്‍ഷകര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന പന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരമേ തങ്ങള്‍ക്ക് ഉള്ളൂ എന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.. ഒടുവില്‍ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തി ചത്തപന്നിയെ ഏറ്റെടുത്തു.