പണി കഴിഞ്ഞ് ആറാം മാസം റോഡ് പൊളിച്ചു നീക്കി. പത്തനംതിട്ട റാന്നി ജണ്ടായിക്കല്‍ റോഡാണ് നിര്‍മിച്ച് ഒരാഴ്ചയ്ക്കകം പൊളിഞ്ഞതോടെ പകുതി ദൂരം പൂര്‍ണമായും പൊളിച്ചു നീക്കിയത്. പാറപ്പൊടി കിട്ടിയതിലെ നിലവാരക്കുറവാണ് തകര്‍ച്ചയ്ക്ക് കാരണം എന്നാണ് കരാറുകാര്‍ പറയുന്നത്.
റാന്നി ജണ്ടായിക്കല്‍ വലിയകുളം റോഡ് ആകെ എട്ട് കിലോമീറ്റര്‍. നാല് കോടി ചെലവിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം റോഡ് പൊളിഞ്ഞു തുടങ്ങി. വൈറ്റ് മിക്സ് മെക്കാഡം ഇട്ട് 40 എംഎം കനത്തിലായിരുന്നു ടാറിങ് വേണ്ടിയിരുന്നത്. 2.8 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് തകരാര്‍ പറ്റിയത്.
ബ്ലോക്ക് പഞ്ചായത്തംഗം സിബി താഴത്തില്ലത്ത് പരാതി നല്‍കിയതോടെ പൊതുമരാമത്ത് വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്ച കണ്ടെത്തി. വിജിലന്‍സും ക്രമക്കേട് ശരിവച്ചു. ഇതോടെയാണ് 2.8 കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പൊളിച്ചു നീക്കിയത്
പണി തീര്‍ന്ന് മൂന്നാം ദിവസമാണ് റോഡിന്‍റെ തകരാര്‍ കണ്ടെത്തിയത്. അന്നു മുതല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിലായിരുന്നു. ക്വാറി മാലിന്യം ഇട്ട് നിര്‍മിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണം എന്നാണ് ആരോപണം.
അതേ സമയം ചെളി കൂടുതലുള്ള പാറപ്പൊടി തന്ന് ക്വാറി കരാറുകാര്‍ കബളിപ്പിച്ചു എന്നാണ് കരാറുകാരന്‍റെ നിലപാട്. പൊളിച്ചു നീക്കിയ ഭാഗം പൂര്‍ണമായും വീണ്ടും ടാര്‍ ചെയ്യും.