ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനത്തിന് എരുമേലിയിൽ തുടക്കമായി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം.
മണിമല വില്ലേജിൽ ഉൾപ്പെട്ട മുക്കട ചാരുവേലി ഭാഗത്തെ വീടുകളിൽ എത്തിയാണ് വിവര ശേഖരണം ആരംഭിച്ചിരിക്കുന്നത്. എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ സർവേ നടക്കും. തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യല്‍ വർക്ക് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നേതൃത്യത്തിലാണ് സാമൂഹികാഘാത പഠനം.
Also Read; അടുത്ത വര്‍ഷം ആഘോഷിക്കാം, 18 പൊതു അവധികള്‍
കോളേജിൽ നിന്ന് എം.എസ്.ഡബ്ല്യൂ പൂർത്തിയാക്കിയവരും പുറത്തുനിന്നുള്ളവരും ഉൾപ്പെടെ 16 അംഗസംഘമാണ് പഠനം നടത്തുന്നത്. എയര്‍പോര്‍ട്ട് നിര്‍മാണത്തിനുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കറാണ് ഏറ്റെടുക്കുന്നത്.എയര്‍പോര്‍ട്ടിന് സ്ഥലം വിട്ടുകൊടുക്കേണ്ടവരെ നേരില്‍ക്കണ്ട് പ്രതികരണങ്ങൾ അറിയുക, പ്രദേശത്തിന്‍റെ വികസനത്തിന് പദ്ധതി വഴിതെളിക്കുമോ തുടങ്ങിയ വിവരങ്ങള്‍ ആരായും. തുടര്‍ന്ന് പ്രദേശവാസികളുടെ യോഗം വിളിച്ചുചേർക്കും.
2023 ജനുവരി 23ന് ഇറക്കിയ ആദ്യ വിജ്ഞാപനം റദ്ദാക്കിയാണു സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ നടത്തിയ സാമൂഹിക ആഘാത പഠനം സർക്കാർ ഏജൻസിയാണ് നടത്തിയത് എന്നു കാട്ടി അയന ചാരിറ്റബിൾ സൊസൈറ്റി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് പുതിയ ഏജൻസിയെ പഠനത്തിനായി ഏൽപ്പിച്ചത്.