സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ നൈനാർ പള്ളിയിൽ മഹല്ല് കമ്മിറ്റി സ്വീകരിച്ചു. വൈകിട്ട് ആകാശത്ത് വെള്ളി നക്ഷത്രം തെളിഞ്ഞതോടെ ആലങ്ങാട് സംഘവും പേട്ട തുള്ളി. അമ്പലപ്പുഴ ഭഗവാന്‍റെ വരവറിയിച്ച് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ എരുമേലി പേട്ടതുള്ളലിന് തുടക്കമായി.
കൊച്ചമ്പലത്തിലെ പൂജകൾ പൂർത്തിയാക്കിയ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെ അകമ്പടിയിൽ പേട്ട തുള്ളി പുറത്തേക്ക്. വാവർ പള്ളിയിൽ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികൾ സ്വീകരിച്ചു. അയ്യപ്പന്റെ തിടമ്പേറ്റിയ ഗജവീരന്മാർ വാവര് പള്ളി വലം വെച്ചു.
മതസാഹോദര്യത്തിന്റെ വാങ്കു വിളി ഉയർന്നു. വാവരുടെ പ്രതിനിധിയെയും കൂട്ടി നൈനാർ ജുമാ മസ്ജിദിൽ നിന്ന് ധർമശാസ്താ ക്ഷേത്രത്തിലേക്ക്. പെരിയോൻ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ. വാവര് സ്വാമി അമ്പലപ്പുഴ സംഘത്തിന് ഒപ്പം പോയി എന്ന വിശ്വാസത്തിൽ വാവര് പള്ളിക്ക് പുറത്ത് നിന്ന് തൊഴുത് ആലങ്ങാട് സംഘവും മടങ്ങി.