പത്തനംതിട്ടയില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിയ വാഹനത്തിനും സ്കൂള്‍ ബസിനും തീയിട്ടു. ഫയര്‍ഫോഴ്സിന്‍റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവായതും തീയിട്ടതാണെന്ന് വ്യക്തമായതും. തീയിട്ട ആള്‍ക്കായി അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് പത്തനംതിട്ട മാക്കാംകുന്ന് എവര്‍ഷൈന്‍ സ്കൂളിലെ ബസിന് തീപിടിച്ചതായി ഫയര്‍ഫോഴ്സിന് വിവരം ലഭിച്ചത്. അതിവേഗമെത്തി തീയണച്ചു. ബസ് ഏറെക്കുറെ പൂര്‍ണമായി കത്തിയെങ്കിലും സമീപത്തെ മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നില്ല. തൊട്ടുപിന്നാലെ അടുത്തുള്ള സരോജ ഗ്യാസ് ഏജന്‍സിയില്‍ നിറ സിലിണ്ടറുകളുമായി കിടന്ന വാഹനത്തിന് തീപിടിച്ചു. അതിവേഗം ഇതിന്‍റെ തീയും അണച്ചു. അതിന് പത്ത് മീറ്റര്‍ അടുത്തായി അഞ്ഞൂറോളം സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ആയിരുന്നു. രണ്ട് തീപിടിത്തതിലും സംശയം തോന്നിയ ജില്ലാ ഫയര്‍ഓഫിസര്‍ ബി.എം.പ്രതാപചന്ദ്രന്‍റെ നിര്‍ദേശ പ്രകാരം പകല്‍ വിശദമായ അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ സ്കൂള്‍ ബസിന് തീയിടുന്നതായും ഓടിപ്പോകുന്നതായും കണ്ടെത്തി. തീയിട്ടയാളെ കണ്ടെത്താനായി പൊലീസും അന്വേഷണം തുടങ്ങി.