പത്തനംതിട്ട റാന്നി ടൗണിനോട് ചേര്‍ന്ന വനംവകുപ്പിന്‍റെ കുട്ടിവനം നാട്ടുകാര്‍ക്ക് ഉപദ്രവമാകുന്നു. വനത്തിന്‍റെ നടുവിലെ തോട്ടിലേക്ക് മരങ്ങള്‍ വീണ് ഒഴുക്കു തടസപ്പെട്ടു. ഇതോടെ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധമായി.
കാടില്ലാത്തിടത്ത് ഒരു കാട്. അതാണ് റാന്നിയിലെ കുട്ടിവനം. പമ്പാനദിയില്‍ ചേരുന്ന വലിയതോടിന്‍റെ തീരത്താണ് മൂന്നരയേക്കറോളം വിസ്തൃതി കണക്കാക്കുന്ന കുട്ടിവനം. തേക്ക്, ആഞ്ഞിലി തുടങ്ങി വന്‍മരങ്ങളാണ് വളര്‍ന്ന് നില്‍ക്കുന്നത്. പ്രകൃതി ക്ഷോഭത്തില്‍ ചുറ്റുമുള്ള മേഖലകള്‍ ഇടിഞ്ഞിട്ടുണ്ട്. മരങ്ങള്‍ തോട്ടിലേക്ക് വീണ് ഒഴുക്കു നിലച്ചു. ഇതോട് തോട് വഴിമാറി ഒഴുകി അവിടെയും മരങ്ങള്‍ വീണതോടെ മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധമായി. വെള്ളം നിറഞ്ഞ് കവിഞ്ഞ് തോടിന് സമീപത്തെ മറ്റ് സ്ഥലങ്ങളുടേയും തീരം ഇടിയുന്നുണ്ട്.
ലക്ഷങ്ങള്‍ വിലയുള്ള തേക്ക് തടികളാണ് തോട്ടില്‍ വീണ് കിടക്കുന്നത്. പലവട്ടം വനംവകുപ്പിന് പരാതി നല്‍കിയിട്ടും നടപടിയില്ല. അടിയന്തരമായി തോട് വൃത്തിയാക്കി ഒഴുക്ക് പുനസ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ശേഷിക്കുന്ന വനഭൂമി എങ്കിലും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.