യൂത്ത് കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് മല്‍സരത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ട് ശബരിമല ഹെല്‍പ് ഡെസ്ക്.  ആദ്യഡെസ്ക് കഴിഞ്ഞ മാസം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തപ്പോള്‍ ഇന്ന് അടുത്ത പരിപാടി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഒരുമിച്ചു നടത്താനുള്ള ആലോചനകള്‍ അലസിപ്പിരിയുകയായിരുന്നു.  

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് വൃശ്ചികം ഒന്നിന് ആദ്യ ഹെല്‍പ് ഡെസ്ക് തുടങ്ങിയത്. രമേശ് ചെന്നിത്തല എംഎല്‍എ ആയിരുന്നു ഉദ്ഘാടകന്‍. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസിന്‍റെ പേരിലായിരുന്നു എങ്കില്‍ ഇത്തവണ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്‍റെ പേരിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഹാസ് ബസ് സ്റ്റാന്‍ഡില് ഹെല്‍പ് ഡെസ്ക് സംഘടിപ്പിക്കുന്നുണ്ട്. മണ്ഡലകാലം തുടങ്ങി 20 ദിവസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗികമായി മറ്റൊരു ഹെല്‍പ് ഡെസ്ക് തുടങ്ങി. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ഭിന്നതയില്ലെന്നും തീര്‍ഥാടകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദു ചൂഢന്‍ പറഞ്ഞു. ഹെല്‍പ് ഡെസ്കില്‍ മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് സമരങ്ങളിലും ഭിന്നത രൂക്ഷമാണ്. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ബസില്‍ നീല ട്രോളി ബാഗയച്ച് സമരം ചെയ്തത്. ഇത് ജില്ലാ നേതൃത്വം അറിഞ്ഞില്ലെന്നാണ് പരിഭവം. ഹെല്‍പ് ഡെസ്ക് ഒരുമിച്ച് നടത്താന്‍ പല ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരം ഉണ്ടായിരുന്നില്ല

ENGLISH SUMMARY:

Two Sabarimala help desks at Pathanamthitta KSRTC bus stand in Youth Congress group competition