എഴുമറ്റൂരിൽ നിന്ന് റാന്നിയിലേക്ക് പോകുന്ന പ്രധാന പാതയാണ് പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡ്. അത്രയൊന്നും അപകടങ്ങളില്ലാത്ത പാതയിൽ പക്ഷേ അപകട മുനമ്പാകുന്നത് ചാലാപ്പള്ളി കുടക്കല്ലുങ്കൽ പാലമാണ്. ഒരു വളവിനപ്പുറം വഴി രണ്ടായി പിരിയുന്നു. നേരെ സഞ്ചരിക്കുന്ന യാത്രക്കാർ ഒന്ന് കണ്ണ് തെറ്റിയാൽ പാലത്തിലിടിച്ച് തോട്ടിൽ വീഴും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായത് ചെറുതും വലുതുമായ 188 അപകടങ്ങൾ. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കാറും ഉൾപ്പെടെ 18 വാഹനങ്ങൾ തോട്ടിൽ പതിച്ചു. ആറുപേർ മരിച്ചു. 48 പേർക്ക് പരിക്ക്. രാത്രിയാണ് അപകടങ്ങളേറെയും. അപകട നിലവിളികൾ കേട്ട് പല രാത്രിയും ഉണരുന്നത് പതിവായെന്ന് നാട്ടുകാർ.
റോഡിൻറെ വീതി കൂട്ടിയപ്പോൾ വളവ് നിവർത്താത്തതാണ് അപകടങ്ങൾക്ക് കാരണം. റോഡിൻറെ അലൈൻമെന്റ് പരിഷ്കരിച്ച് പുതിയ പാലം നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.