പത്തനംതിട്ട ഏനാത്ത് കാര്‍ഷിക വിളകര്‍ കടുത്ത വെയിലില്‍ കരിഞ്ഞു തുടങ്ങി.അടിയന്തരമായി കനാല്‍ തുറന്ന് വെള്ളം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം..കനാലുകള്‍ കാടുകയറിക്കിടക്കുന്നത് വെള്ളം തുറന്നു വിടുന്നതിന് പ്രതിസന്ധിയാണ്.
ഏനാത്ത്,കടമ്പനാട് പഞ്ചായത്തുകളിലാണ് വരള്‍ച്ച കടുത്തത് .ഏറത്ത് അന്തിച്ചിറയില്‍ വാഴകള്‍ ഉണങ്ങിത്തുടങ്ങി.ആയിരത്തിലധികം വാഴകളാണ് ഉണങ്ങുന്നത്.വാഴകള്‍ ഒടിഞ്ഞുവീണു തുടങ്ങി.ചേമ്പ്,ചേന,ചീനി തുടങ്ങിയവയും കരിഞ്ഞു.വയലുകള്‍ വരെ വിണ്ടുകീറിത്തുടങ്ങി.കടം വാങ്ങിത്തുടങ്ങിയ കൃഷി കരിയാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ നിരാശയിലായി.മാഞ്ഞാലി,കോളൂർ പടി അന്തിച്ചിറ,തുവയൂർ,മണ്ണടി താഴത്ത് മേഖലകളിലാണ് പ്രതിസന്ധി കടുത്തത്.
കല്ലട ഇറിഗേഷന്‍ പ്രൊജക്ട് കനാലില്‍ കൂടിയാണ് വെള്ളം വരേണ്ടത്.ഇതുവരെ വൃത്തിയാക്കിയിട്ടില്ല.കാടുകയറിമൂടിക്കിടക്കുന്ന കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. ഉപകനാലുകളിലേക്ക് വെള്ളം പോകേണ്ട ഭാഗങ്ങളും അടഞ്ഞു കിടക്കുന്നു.കനാല്‍ ഭിത്തികള്‍ വിണ്ടു കീറി വെള്ളം നഷ്ടപ്പെടുന്ന അവസ്ഥയായി..അടിയന്തരമായി വെള്ളമെത്തിച്ചില്ലെങ്കില്‍ വിളകരിഞ്ഞ കര്‍ഷകര്‍ വലിയ കടത്തിലാകും