പത്തനംതിട്ട ടൗൺ സ്ക്വയറിൽ ചട്ടം ലംഘിച്ച് കെട്ടിയ കൊടികൾ അഴിച്ച നഗരസഭാ ജീവനക്കാരെ സിഐടിയു നേതാക്കൾ മർദിച്ചു. അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ തറക്കല്ലിടലിന്‍റെ ഭാഗമായിട്ടാണ് കൊടികൾ കിട്ടിയത്.
ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചതാണ്. ഇത് ലംഘിച്ചാണ് ഇന്ന് സിഐടിയു അവിടെ കൊടികൾ കൊണ്ട് നിറച്ചത്. പരാതി വന്നതോടെ നഗരസഭാ സെക്രട്ടറി ആണ് കൊടികൾ അഴിച്ചുമാറ്റാൻ ജീവനക്കാരെ അയച്ചത്. കൊടികൾ അഴിക്കുമ്പോഴായിരുന്നു കേശവൻ , കുഞ്ഞുമോൻ എന്നീ ജീവനക്കാർക്ക് മർദനമേറ്റത്
ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് നഗരസഭയിലെ കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. മർദ്ദനമേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നടപടി സ്വീകരിക്കാമെന്നാണ് മർദ്ദനമേറ്റവരോട് നഗരസഭ സെക്രട്ടറി പറഞ്ഞത്.