പത്തനംതിട്ട അത്തിക്കയത്ത് പുതിയ പാലത്തിന്റെ കരാറുകാരൻ മുങ്ങിയതോടെ പഴയ പാലം ബലപ്പെടുത്താൻ പിരിവിന് ഇറങ്ങി നാട്ടുകാർ. സ്ഥലത്തെ കൊച്ചുപാലത്തിന്‍റെ സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് ആക്ഷൻ കമ്മിറ്റി ഏറ്റെടുത്തത്. റീ ബിൽഡ് കേരളയിൽപെടുത്തി നിർമ്മാണം തുടങ്ങിയ പണിയാണ് കരാറുകാരൻ ഉപേക്ഷിച്ചത്.
പുതിയ പാലമോ ഇല്ല. എന്നാൽ പഴയ പാലം എങ്കിലും ബലപ്പെടുത്തി എടുക്കാം. അതിനാണ് വീട് കയറിയിറങ്ങിയുള്ള പിരിവ്. റീ ബിൽഡ് കേരള പദ്ധതിയിൽ പെടുത്തി റോഡ് വന്നു. പക്ഷേ പുതിയ പാലം നിർമ്മിക്കാതെ കരാറുകാരൻ മുങ്ങി. 5 ലക്ഷം രൂപ കൊണ്ട് നിലവിലെ സംരക്ഷണഭിത്തി ബലപ്പെടുത്താമെന്നാണ് വിശ്വാസം. പാലം ഇല്ലാതെ ആറുമാസം കൊണ്ട് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് യാത്ര.
പിരിഞ്ഞു കിട്ടിയ പണം കൊണ്ട് പണി തുടങ്ങി. പുതിയ പാലം പൂർത്തിയാക്കാൻ അത്തിക്കയം പഞ്ചായത്തും റാന്നി എംഎൽഎ പ്രമോദ് നാരായണനും ശ്രമിച്ചതാണ്. പക്ഷേ കരാറുകാരനായ കാസർകോട് ചെങ്ങളം സ്വദേശി അബ്ദുൾ റഷീദ് സഹകരിക്കുന്നില്ല. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി മറ്റൊരാൾക്ക് ഉടൻ കരാർ നൽകുമെന്ന് എംഎൽഎ അറിയിച്ചു.