തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡുകൾ ഓണത്തിന് മുൻപ് പണി പൂർത്തിയാക്കുമെന്ന സ്മാർട്ട് സിറ്റി അതോറിറ്റിയുടെ ഉറപ്പ് ഫലം കണ്ടില്ല. അഞ്ചു റോഡുകളാണ് പദ്ധതിയിൽ ഇനിയും ഒന്നാം ഘട്ടം പൂർത്തീകരിക്കാനുള്ളത്. ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശാനുസരണം വലിയ ഓട നിർമിക്കേണ്ടതിനാലാണ് റോഡ് പ്രവൃത്തി നീണ്ടതെന്നാണ് അധികൃതരുടെ പുതിയ വാദം. എന്നാൽ ഓണത്തിരക്കിൽ പാതി വഴിയിലായ റോഡ് പണി കാരണം, പണി കിട്ടിയത് സാധാരണക്കാരായ ജനങ്ങൾക്കാണ്.
ഓണത്തിന് മുൻപ് തലസ്ഥാന നഗരത്തിലെ റോഡുകൾ സ്മാർട്ടാകുമെന്നായിരുന്നു മന്ത്രി തലത്തിലെ അവസാനത്തെ പ്രഖ്യാപനം. എന്നാൽ മാസങ്ങൾ തോറും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വാക്ക് മാറ്റി പറയുന്നതല്ലാതെ പണിക്ക് ഒരു അവസാനമില്ല. മരാമത്തിന്റെ പണി കാരണം പണി പോയവരും പണി കിട്ടിയവരുമാണ് ഏറെ.
ഓണത്തിന്റെ ഇടയ്ക്ക് പുട്ടുകച്ചവടം എന്ന പോലെയാണ് നഗരത്തിലെ സ്മാർട്ട് സിറ്റി റോഡ്കളുടെ പണി. തിരുവനന്തപുരം തൈവിള റോഡിൽ ഉപജീവന മാർഗംഉപേക്ഷിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ട്. മുന്നറിയിപ്പില്ലാതേയും ബദൽ യാത്ര ക്രമീകരണം ഒരുക്കാതെയും റോഡ് വെട്ടിക്കീറിയതോടെ അക്ഷരാത്ഥത്തിൽ ജനം നട്ടം തിരിയുകയാണ്. തിരക്കുള്ള മണിക്കൂറുകളിലാണെങ്കിൽ അവസ്ഥ പരിതാപകരവും. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന സ്മാര്‍ട്ട് സിറ്റി റോഡ് പണി പല കരാറുകാര്‍ക്കായി പകുത്ത് നൽകി പുനരാരംഭിച്ചപ്പോൾ ഓണത്തിന് നാട്ടുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.