vellanad-sasi

തിരുവനന്തപുരം വെളളനാട് സ്ത്രീക്കും കുട്ടിക്കും നേരെ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ ഗുണ്ടായിസവും മര്‍ദനവും. ഹോട്ടലിനു മുമ്പിലെ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെളളനാട് ഡിവിഷന്‍ അംഗം വെളളനാട് ശശിയാണ് അതിക്രമം കാണിച്ചത്. കടയുടമയുടെ അമ്മയേയും കുട്ടിയേയുമാണ് മര്‍ദിച്ചത്. 

വെളളനാട് വില്ലേജ് ഓഫീസിനു സമീപം ഹോട്ടലും തട്ടുകടയും നടത്തുന്ന സുകന്യയ്ക്കും കുടുംബത്തിനും നേരെയാണ് സിപിഎം നേതാവിന്റെ അതിക്രമം ഉണ്ടായത്. തട്ടുകടയ്ക്ക് മുമ്പില്‍ റോഡിലേയ്ക്ക് ഇറക്കി വച്ചിരുന്ന ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. ബോര്‍ഡ് മാറ്റണമെന്ന് വെളളനാട് ശശി ആവശ്യപ്പെട്ടെങ്കിലും കടയുടമ തയാറായില്ല.

വാക്കുതര്‍ക്കത്തിനിടെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കുട്ടിയെ അടിക്കുന്നതും മൊബൈല്‍ തെറിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത സ്ത്രീകള്‍ക്ക് നേരെയും ഇയാള്‍ കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

കോണ്‍ഗ്രസ് നേതാവായിരുന്ന വെളളനാട് ശശി അടുത്തിടെയാണ് സിപിഎമ്മിലേയ്ക്ക് വന്നത്. മുമ്പ് പലതവണ വെളളനാട് ശശിക്കെതിരെ അതിരുവിട്ട പെരുമാറ്റത്തിന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കടയുടമകള്‍ തന്നെയാണ് കൈയേറ്റം ചെയ്തതെന്നാണ് വെളളനാട് ശശിയുടെ ന്യായീകരണം.

ENGLISH SUMMARY:

A CPM district panchayat member, Vellanad Sasi, has been accused of assaulting a woman and child in Vellanad. The incident occurred during a dispute over the removal of a signboard in front of a hotel, where Sasi, a member of the Vellanad division, allegedly acted violently.