അന്വേഷണം വരും മുൻപ് സ്വന്തം പേരിലുള്ള വസ്തുവകകൾ വിറ്റഴിച്ച് തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറിയും, ഭരണ സമിതിയംഗങ്ങളും. നിക്ഷേപതുക കിട്ടുന്നില്ലെന്നുള്ള 210 പരാതികളാണ് പൊലീസിനു മുന്നിലെത്തിയത്. സഹകരണ നിയമം മറികടന്ന് വർഷങ്ങളായി പൊതുയോഗങ്ങളും ഇവിടെ നടക്കാറില്ല.
സാമ്പത്തിക ക്രമക്കേടിൽ അന്വേഷണമെത്തിയാൽ മുൻ സെക്രട്ടറിയുടെയും ഭരണ സമിതിയംഗങ്ങളുടേയും സ്വത്ത് വകകൾ മരവിപ്പിക്കും. ഇതു മുന്നിൽ കണ്ടാണ് സ്വന്തം പേരിലുള്ള സ്വത്ത് വകകൾ വിൽക്കുന്നത്. നേമം സർവീസ് സഹകരണ ബാങ്കിനു സമീപമുള്ള ഭൂമിയാണ് മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രൻ വിറ്റഴിച്ചത്. ഒരു കോടിയോളം രൂപയ്ക്കാണ് ഭൂമി വിറ്റ തെന്നു കാണിച്ച് നിക്ഷേപകരുടെ കൂട്ടായ്മ പൊലീസിനെ വിവരം അറിയിച്ചു. നിക്ഷേപ തുക തിരികെ കിട്ടുന്നില്ലെന്നു കാണിച്ച് ഇന്നലെ വൈകുന്നേരം വരെ 206 പരാതികൾ നേമം പൊലീസിനു മുന്നിലെത്തി. ഇതിൽ 52 കേസുകൾ റജിസ്റ്റർ ചെയ്തു. അന്വേഷണം വൈകിപ്പിക്കുന്നത് ഭരണസമിതിയംഗങ്ങൾക്കും, മുൻ സെക്രട്ടറിക്കും വസ്തു വകകൾ വിൽക്കാനുള്ള അവസരമൊരുക്കാനെന്നാണ് ആക്ഷേപം. എന്നാൽ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് പൊലീസ് വാദം. സഹകരണ മന്ത്രി വി.എൻ. വാസൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്ക്കു ശേഷം തുടർ സമര പരിപാടികളിലേക്ക് കടക്കാനാണ് നിക്ഷേപകരുടെ കൂട്ടായ്മയുടെ തീരുമാനം. പണം കിട്ടാത്തവരുടെ പ്രതിഷേധം കാരണം ബാങ്കിനു പൊലീസ് കാവൽ ഏർപ്പെടുത്തി. പ്രതിഷേധിക്കുന്ന നിക്ഷേപകരെ ഭരണ സമിതിയംഗങ്ങളും ബന്ധുക്കളും ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 80 കോടി നിക്ഷേപമുള്ള ബാങ്കാണ് ക്രമക്കേടു കാരണം വലിയ പ്രതിസന്ധിയിലേക്ക് പോയത്.