തിരുവനന്തപുരം നേമം സര്‍വീസ് സഹകരണബാങ്കില്‍ നിന്നു നിക്ഷേപകര്‍ക്കു നല്‍കുന്ന ചെറിയ തുകയും നിര്‍ത്തി. നിക്ഷേപതുക കിട്ടാത്തതില്‍ പരാതി നല്‍കിയതിന്‍റെ പകപോക്കലെന്നും നിക്ഷേപകര്‍. 225 പരാതികളില്‍ 126 എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.
വീട്ടമ്മമാരടക്കം നിരവധി പേര്‍ക്ക് നിക്ഷേപ തുക തിരികെ കിട്ടാതെ ജീവിതം വഴിമുട്ടിയപ്പോഴാണ് ആശ്വാസ ധനം നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലികാശ്വാസമെന്ന നിലയ്ക്കാണ് ആയിരവും ,ആയിരത്തി അഞ്ഞൂറു രൂപ വീതവും നിക്ഷേപകര്‍ക്ക് നല്‍കികൊണ്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അതും നല്‍കേണ്ടെന്നാണ് ബാങ്ക് ഭരണസമിതിയുടെ തീരുമാനം. ബാങ്കിനോട് കാരണമന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പരാതിയുമായി നിക്ഷേപകര്‍ ജോയിന്‍റ് റജിസ്ട്രാറെ കണ്ടെങ്കിലും ഫലമുണ്ടായില്ല.നിക്ഷേപം തിരികെ കിട്ടുന്നില്ലെന്നു കാട്ടി നിരവധി പരാതികളാണ് ദിനവും നേമം പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇന്നലെ വരെ 225 പരാതികളാണ് എത്തിയത്. ഇതില്‍ 126 എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.