തിരുവനന്തപുരം – തെന്മല പാതയിലെ കരകുളം മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി നാളെ (5) മുതല്‍ തിരുവനന്തപുരം– നെടുമങ്ങാട് റൂട്ടില്‍ ഗതാഗത നിയന്ത്രണം. നെടുമങ്ങാട്ടേക്കുളള വാഹനങ്ങള്‍ പേരൂര്‍ക്കടയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കുളളവ കെല്‍ട്രോണ്‍ ജംങ്ഷനില്‍ നിന്നും വഴി തിരിച്ചു വിടും. നാട്ടുകാര്‍ക്ക് മേല്‍പാലം വരുന്നത് സന്തോഷമാണെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ഒാര്‍ക്കുമ്പോള്‍ പണി എപ്പോള്‍ തീരുമെന്ന ആശങ്കയുമുണ്ട് .
ഇടതടവില്ലാതെ വാഹനങ്ങള്‍ പായുന്ന ഇടുങ്ങിയ റോഡ്, ഒരുവശത്ത് അരുവിക്കരയില്‍ നിന്നുളള പൈപ്പ് ലൈനും മറുവശത്ത് കിളളിയാറും. ഒരിഞ്ച് വീതി കൂട്ടാന്‍ വഴിയില്ലാത്ത 1.2 കിലോമീറ്റര്‍ ദൂരം മേല്‍പാലം വരുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
അരുവിക്കര റോഡിലേയ്ക്ക് തിരിഞ്ഞ് ഇരുമ്പ –കാച്ചാണി വഴി മുക്കോല –വഴയില റോഡില്‍ ഇടത്തേയ്ക്ക് തിരിഞ്ഞ് പോകണം. ചെറുവാഹനങ്ങള്‍ക്ക് കല്ലമ്പാറ– വാളിക്കോട് – പത്താംകല്ല് എന്നിവിടങ്ങളില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് വട്ടപ്പാറ എം സി റോഡ് വഴിയും പോകാം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കടയില്‍ നിന്ന് തിരിച്ചു വിടും. കുടപ്പനക്കുന്ന്, മുക്കോല , ശീമമുളമുക്ക്, വാളിക്കോട് വഴി നെടുമങ്ങാട് എത്താം. കാച്ചാണി മുതല്‍ കരകുളം പാലം ജംങ്ഷന് വരെ പ്രദേശവാസികളുടെ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാച്ചാണി – കരകുളം പാലം –വഴയില പേരൂര്‍ക്കട റൂട്ടിലും തിരിച്ചും കെ എസ് ആര് ടി സി സര്‍ക്കിള്‍ സര്‍വീസ് നടത്തും