drinking-water

TOPICS COVERED

തിരുവനന്തപുരം നഗരത്തിലെ ഒരു ഭാഗത്തെ നാലുദിവസമായി തുടര്‍ന്ന  കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമായി . കുമാരപുരം മുതല്‍ പേട്ടവരെ പ്രദേശത്താണ് ഇന്നുച്ചമുതല്‍ വെള്ളം കിട്ടിതുടങ്ങിയത്. വെള്ളം കിട്ടാത്തതുകാരണം പലരും ബന്ധു വീടുകളിലേക്ക് മാറിയിരുന്നു.

 

നാലുദിവസമായി തുടരുന്ന ഈ പ്രതിസന്ധിക്കാണ് ഒടുവില്‍ പരിഹാരമായത്. വെള്ളയമ്പലം മുതലുള്ള വാല്‍വ് ജല അതോറിറ്റി ക്രമീകരിച്ചതാണ് പ്രതിസന്ധിക്ക് പരിഹാരമാകാന്‍ കാരണം. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ക്കൊപ്പം ഉയരമുള്ള പ്രദേശത്തും ജലമെത്തി തുടങ്ങി. ഇന്നുച്ചയോടെയാണ് സാധാരണഗതിയില്‍ കിട്ടിതുടങ്ങിയത്. മര്‍ദം കുറവാണെന്നു പരാതിയുണ്ടെങ്കിലും രാത്രിയോടെ പൂര്‍വസ്ഥിതിയിലാകുമെന്നാണ് ജല അതോറിറ്റിയുടെ ഉറപ്പ്. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആല്‍ത്തറ–വഴുതക്കാട് ലൈനില്‍ ഇന്‍റര്‍ കണക്ഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായിരുന്നു ആദ്യം വെള്ളം മുടങ്ങിയത്. എന്നാല്‍ പണി തീര്‍ന്നിട്ടും വെള്ളം കിട്ടിയില്ല. ഇതോടെയാണ് ജനം നെട്ടോട്ടമോടിയത്. കാരണമന്വേഷിച്ച് ജല അതോറിറ്റിയെ സമീപിച്ചപ്പോള്‍ എയര്‍ബ്ലോക്കെന്നായിരുന്നു മറുപടി. സെക്രട്ടറിയേറ്റിന്‍റെ മുന്‍വശമായ ഉപ്പളം റോഡുമുതല്‍ പേട്ട, ചാക്ക, കുമാരപുരം, വേളി തുടങ്ങി നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിലാണ് വെള്ളം മുടങ്ങിയത്.

ENGLISH SUMMARY:

Trivandrum crisis work line completed supply restored