തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വികസന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം വാടകയ്ക്ക് നല്കിയും പൂക്കൃഷി നടത്തിയും വികസന അതോറിറ്റി. വികസന പദ്ധതി പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും, പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ്. കിഫ്ബിയുടെ സഹായത്തോടെ തിരുവനന്തപുരം വികസന അതോറിറ്റിയും റോഡ് ഫണ്ട് ബോര്‍ഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപാരികളുടെ പുനരധിവാസത്തിനായി ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ ഏറ്റെടുത്ത സ്ഥലത്താണ് കൃഷി പരീക്ഷിച്ചിരിക്കുന്നത്. ഏറ്റെടുത്ത ഭൂ–ഉടമകള്‍ക്ക് തുക കൈമാറിയെങ്കിലും ഇപ്പോഴും കെട്ടിടങ്ങള്‍ പൊളിക്കാനോ, വ്യാപാരികളെ പുനരധിവസിപ്പിക്കാനോ നടപടിയായില്ല.
Also Read; മൂന്ന് പതിറ്റാണ്ടിനു ശേഷം കുസാറ്റ് പിടിച്ച് കെ.എസ്.യു
കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് കാലമൊന്നുമല്ല. ന്യുജെന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ട്രിവിയന്‍ ഇങ്ങനെ വെമ്പല്‍ കൊള്ളുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല, ഈ കാണുന്ന തിരക്കുകള്‍ കടന്ന് തമ്പാനൂര്‍ വരെയെത്താന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമെടുക്കും. ചിലപ്പോളത് ഒന്നരയോ രണ്ടോ ആയെന്നിരിക്കാം.
823 കോടി രൂപ ബജറ്റില്‍ മൂന്ന് റീച്ചുകളിലായി പത്തര കിലോമീറ്റര്‍ ദൂരം പതിനെട്ടര മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയാണ് പദ്ധതി. നാളെ നാളെയെന്ന് പറഞ്ഞ് മുത്തശിക്കഥയിലെ ഗണപതി കല്യാണം പോലെ, വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനവും മുന്നോട്ട് പോയി. പഴയ മേയര്‍ ബ്രോ എംഎല്‍എ ആയപ്പോള്‍ നടത്തിയ പ്രധാന വാഗ്ദാനമാണ് വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം. എന്നാല്‍ വികസന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ഇപ്പോള്‍ അല്ലറ ചില്ലറ കൃഷി ഒക്കെയാണ്. പൂവും പടവലങ്ങയും പച്ചമുളകും അങ്ങനെ അങ്ങനെ, വികസനം പടവലം പോലെ കീഴോട്ടെന്ന് ചിലര്‍.
ശാസ്തമംഗലം മുതല്‍ മണ്ണറക്കോണം വരെ ആദ്യ റീച്ചും, മണ്ണറക്കോണം മുതല്‍ പേരൂര്‍ക്കട, നെട്ടയം മുക്കോല വഴി വഴയില വരെ ഉള്‍പ്പടെ മൂന്ന് റീച്ചുകളിലായാണ് നിര്‍മാണം. ഇതില്‍ ആദ്യ റീച്ചിലെ ഭൂമി പൂര്‍ണമായി ഏറ്റെടുത്തു. ചില വ്യാപാരികളെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ഒച്ചിഴയും വേഗതയിലാണ് പോയത്.