palode-school

TOPICS COVERED

സര്‍ക്കാര്‍ സ്കൂളുകളുടെ വികസന നേട്ടം പറയുന്നവരാരും തിരിഞ്ഞ് നോക്കാതെ തിരുവനന്തപുരം പാലോട് പേരക്കുഴി സര്‍ക്കാര്‍ എല്‍.പി സ്കൂള്‍. 250 ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്‍റെ കെട്ടിടം പണിയാനോ പുനര്‍നിര്‍മാണത്തിനോ അഞ്ച് പൈസ അനുവദിക്കുന്നില്ല. ഇന്നലെ സീലിങ് ഇളകി വീണപ്പോള്‍ ദുരന്തം ഒഴിവായത് കുട്ടികള്‍ ഇല്ലാത്തതിനാല്‍..

സര്‍ക്കാര്‍ സ്കൂളുകള്‍ കണ്ടാല്‍ ഫൈവ് സറ്റാര്‍ ഹോട്ടല്‍ പോലെ ഗംഭീരമായെന്നാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നാല്‍ അവര്‍ തിരുവനന്തപുരം ജില്ലയില്‍ തന്നെയുള്ള പാലോട് പേരക്കുഴിയിലെ എല്‍.പി സ്കൂളിലൊന്ന് വരണം.

നാള്‍ക്കുനാള്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്ന സ്കൂളല്ല ഇത്, നാല് ക്ളാസിലായി 250 ലധികം കുട്ടികളുള്ള തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച എല്‍.പി സ്കൂളിലൊന്നാണ്. പക്ഷെ 80 വര്‍ഷത്തിലധികം പഴക്കമുള്ള ഈ സ്കൂളില്‍ ഇന്നലെ രാവിലെ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. സീലിങ് ഇളകി വീണപ്പോള്‍ അവിടെ കുഞ്ഞുങ്ങളില്ലാത്തതുകൊണ്ട് മാത്രം അപകടം പറ്റിയില്ല.

 

മേല്‍ക്കൂര പലയിടത്തും ദ്രവിച്ചിരിക്കുകയാണ്. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ ക്ളാസിനകത്താണ്. അങ്ങിനെ നാശത്തിന്‍റെ വക്കിലായ ഈ കെട്ടിടം പുതുക്കി പണിയാനായി  എം.എല്‍.എയുടെയും എം.പിയുടെയുമൊക്കെ കാല്‍പിടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് വര്‍ഷം മുന്‍പ് എസ്റ്റിമേറ്റ് തയാറാക്കിയതല്ലാതെ നയാപ്പൈസ അനുവദിച്ചില്ല.

പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന ഈ സ്കൂളും ഇവിടത്തെ വിദ്യാര്‍ഥികളും വിദ്യാഭ്യാസമന്ത്രിയോട് അഭ്യര്‍ഥിക്കുന്നത് ഫൈവ് സ്റ്റാര്‍ സൗകര്യമൊന്നുമല്ല. പേടിക്കാതെ ഇരുന്ന് പഠിക്കാനുള്ള കെട്ടിടം മാത്രമാണ്.

ENGLISH SUMMARY:

No funds have been allocated, not even five paise, for constructing or renovating the building of the Palode Perakuzhi Government LP School, where more than 50 children are studying