അരക്കോടി രൂപ കൊടുത്ത് തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിക്കൂട്ടിയ ഇ ഓട്ടോകൾ വാറന്റി കാലാവധി തീരുംമുൻപേ കട്ടപ്പുറത്ത്. മാലിന്യം നീക്കാൻ സ്മാർട്ട് സിറ്റി പദ്ധതി വഴി വാങ്ങിയ ഓട്ടോകൾ സോണൽ ഓഫീസുകളിൽ ആക്രിയായി സൂക്ഷിച്ചിരിക്കുകയാണ്.
തമിഴ്നാട് തിരുപ്പൂരിലെ പ്രിയം ഇൻഡസ്ട്രീസിൽ നിന്നാണ് ഇവ വാങ്ങിയത്. വില ഒന്നിന് രണ്ടുലക്ഷത്തിന് ആയിരത്തി അറുപത്തിയേഴ് രൂപ. അങ്ങനെ 25 എണ്ണം. ആകെ ചെലവ് 50ലക്ഷത്ത ഇരുപത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിയഞ്ച്. മൂന്നുവർഷത്തെ ബാറ്ററി വാറണ്ടി സഹിതം അഞ്ചുവർഷത്തെ വാറണ്ടി കാലാവധിയാണ് കമ്പനി വാഗ്ദാനം ചെയ്തത്. കണക്കുപ്രകാരം ബാറ്ററി വാറണ്ടി തീരാൻ ഇനിയും ആറുമാസം ബാക്കിയുണ്ട്. എന്താണെന്ന് അറിയില്ല, ഒരുമാസമാണ് ഇവ നിരത്തിലോടിയതെന്ന് ഇത് കൈകാര്യം ചെയ്തിരുന്ന ജീവനക്കാർ തന്നെ പറയുന്നുണ്ട്. ജോലി പോകുമെന്ന പേടിയുള്ളതിനാൽ ക്യാമറയ്ക്ക് മുൻപിൽ വരാൻ പലർക്കും ധൈര്യമില്ല. ഓട്ടോയുടെ ജാതകം തേടി വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് പോലും കൃത്യമായ ഉത്തരം കോർപ്പറേഷൻ നൽകിയില്ല. ഇപ്പോൾ 25 എണ്ണവും ഇതുപോലെ ഓരോ സോണൽ ഓഫീസിലും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഭാവിയിൽ കോർപ്പറേഷൻ ഒരു മ്യൂസിയം തുടങ്ങുമ്പോൾ അവിടെ പ്രദർശിപ്പിക്കുമായിരിക്കും