തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലും കഞ്ചാവ്. എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് കണ്ടെത്തിയത്. ഹോസ്റ്റലില്‍ എസ്.എഫ്.ഐക്കാര്‍ മാത്രമല്ല ഉള്ളതെന്നും വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ടെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതികരിച്ചു
രാവിലെ 11 മണിയോടെയാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിലെത്തിയത്. കോളജ് അടച്ചിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നുവെന്നും ലഹരിമരുന്നുകള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്നുമായിരുന്നു രഹസ്യവിവരം. പന്ത്രണ്ടു റൂമുകള്‍ പരിശോധിച്ചു. 455 ാം മുറിയില്‍ നിന്നാണ് പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ മുറിയാണിതെന്നു എക്സൈസ് സംഘം പറയുന്നു
എസ്.എഫ്.ഐ യുടെ ആവശ്യപ്രകാരമായിരുന്നു പരിശോധനയെന്നു ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. വിശദമായ അന്വേഷണം വേണമെന്നു കെ.എസ്.യു ആവശ്യപ്പെട്ടു. അതേസമയം ഹോസ്റ്റല്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലാണെന്നും എക്സൈസിന്‍റെ പരിശോധനയെ സ്വാഗതം ചെയ്യുന്നതായും വൈസ് ചാന്‍സലര്‍.