67 കോടിയുടെ ക്രമക്കേട് നടന്ന നേമം സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ലേലം ചെയ്തും ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും നഷ്ടത്തിന്റെ വിഹിതം നികത്തണമെന്ന് നിക്ഷേപകർ. ഇക്കാര്യമാവശ്യപ്പെട്ട് നേമം പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാൻസ് ’ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും നിവേദനം നൽകി. നിലിവിലെ ഭരണസമിതി പിരിച്ചുവിട്ട് നിക്ഷേപകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യം.
ക്രൈംബ്രാഞ്ചിന്റെയും ഇ ഡിയോയുടെയും അന്വേഷണം പുരോഗമിക്കുമ്പോഴും നിക്ഷേപകരുടെ പണം തിരികെ കിട്ടാനുള്ള ഒരു നടപടിയും ഇതുവരെയും ആയിട്ടില്ല.ചികിത്സാ ചെലവുകൾക്കായി ബാങ്കിൽ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപയിൽ 5 ലക്ഷം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങി കഴിഞ്ഞ ദിവസം നിക്ഷേപകൻ മരിച്ചിരുന്നു.ഇതോടെയാണ് ബാങ്ക് മന്ദിരം ലേലം ചെയ്യണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നുമുള്ള ആവശ്യമുന്നയിച്ച് നിലപാട് കടുപ്പിക്കാൻ നിക്ഷേപകർ തീരുമാനിച്ചത്. പണം ലഭിക്കാത്തതിനാൽ ഇനിയും ഒട്ടേറെ പേരുടെ ചികിത്സ മുടങ്ങിയിട്ടുണ്ടെന്നും ഏതാനും വീടുകളിൽ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പോലും മാറ്റിവച്ചെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് മുൻ സെക്രട്ടറി എസ്.ബാലചന്ദ്രൻ നായർ, മുൻ പ്രസിഡന്റും സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായ ആർ.പ്രദീപ് കുമാർ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും മൂന്നും പ്രതികളാണിവർ. കംപ്യൂട്ടർവൽക്കരിച്ചിട്ടില്ലാത്ത ബാങ്കിലെ രേഖകളെല്ലാം ഫയലുകളിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പലതും നഷ്ടമായെന്നു കാട്ടി സഹകരണ വകുപ്പ് ഓഡിറ്റ് പൂർത്തിയാക്കിയിട്ടില്ല. നിക്ഷേപകരുടെ നഷ്ടക്കണക്കുൾപ്പെടെ കൃത്യമായി ചിട്ടപ്പെടുത്താനും അതു തിരികെ നൽകാനുള്ള നടപടികൾക്കു തുടക്കമിടാനും ഓഡിറ്റ് പ്രധാനമാണ്. ആരിൽ നിന്നൊക്കെ പണം പിടിച്ചെടുക്കണമെന്നും വസ്തുവകകൾ ജപ്തി ചെയ്യണമെന്നും തീരുമാനിക്കാൻ ഓഡിറ്റ് പൂർത്തിയാവണം. ഭരണസ്വാധീനം ഉപയോഗിച്ച് ഭരണസമിതി ഓഡിറ്റ് നീട്ടിക്കൊണ്ടുപോവുകയാണെന്ന ആക്ഷേപം ശക്തമാണ്.