വര്‍ക്കല ബീച്ചിലെ തിരകള്‍ ഇപ്പോള്‍ പുതിയ ചില അതിഥികളെ വരവേറ്റ് കൊണ്ടിരിക്കുകയാണ്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ഫര്‍മാരെ. കടലിന്‍റെയും സ്പോര്‍ട്സിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും ആഘോഷമായി രണ്ടാം രാജ്യാന്തര സര്‍ഫിങ് ഫെസ്റ്റിവല്‍ വര്‍ക്കല ഇടവ ബീച്ചില്‍ തകര്‍ത്ത് മുന്നേറുകയാണ്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്.
വര്‍ക്കല ഇടവ ബീച്ച് ഒരു വൈബ് മൂഡിലാണ്. അലയടിച്ചുവരുന്ന തിരകളെ പിന്തുടര്‍ന്ന്, അത് നല്‍കുന്ന ആനന്ദ നിമിഷങ്ങളെ അനുഭവിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ഫര്‍മാര്‍ വീണ്ടും ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നു. തിരകളുടെ ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും മെയ്‌വഴക്കത്തിന്‍റെ സാഹസികതയുടെ പുതിയ കഥകള്‍ രചിക്കുകയാണിവര്‍. കേവലമൊരു സര്‍ഫിങ് മത്സരമെന്നതിനപ്പുറത്ത്, വര്‍ക്കലയെ ലോക ബീച്ച് ടൂറിസ്റ്റ് ഭൂപടത്തിലും ലോക സര്‍ഫിങ് ഭൂപടത്തിലും അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ഇവര്‍ സര്‍ഫ് ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവല്‍. ഒളിംപിക്സ് കായിക ഇനമായ സര്‍ഫിങ്ങില്‍ രാജ്യത്തിനായി പുതിയ പ്രതിഭികളെ വാര്‍ത്തെടുക്കയെന്ന ലക്ഷ്യവും ഫെസ്റ്റിവലിനുണ്ട്. ഓസട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടേ 62 പേരാണ് വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നത്. രാവിലെ 6 മുതല്‍ 11.30 വരെയാണ് മത്സരങ്ങള്‍. നാളെയാണ് സമാപനം.