നിര്‍ധനര്‍ക്ക് വീടുവെക്കാനായി ശേഖരിച്ച ആറ്റുകാല്‍ പൊങ്കാലയിലെ ചുടുകട്ടകള്‍ മോഷ്ടിച്ച ജീവനക്കാരനെ സംരക്ഷിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. അയ്യായിരത്തോളം കട്ടകള്‍ മോഷണം പോയതറിഞ്ഞിട്ടും പൊലീസില്‍ പരാതി നല്‍കുകയോ ജീവനക്കാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയോ ചെയ്തില്ല. സിപിഎം കൗണ്‍സിലര്‍മാരും ചില ഉദ്യോഗസ്ഥരും ഇടപെട്ട് മോഷണം ഒതുക്കാന്‍ നീക്കമെന്നും ആക്ഷേപം.
ആറ്റുകാല്‍ പൊങ്കാലയിലെ കട്ടകള്‍ പട്ടിണിപാവങ്ങള്‍ക്ക് വീടുവെക്കാനായി കൊടുക്കുന്നത് പൊങ്കാല പോലതന്നെ വര്‍ഷങ്ങളായി മുടങ്ങാതെ നടക്കുന്നതാണ്. ഇത്തവണയും പൊങ്കാലയ്ക്ക് ശേഷം കോര്‍പ്പറേഷന്‍, തൊഴിലാളികളെ ഉപയോഗിച്ച് ഓടി നടന്ന് കട്ടകളെല്ലാം പെറുക്കി. അങ്ങനെ ശേഖരിച്ചതില്‍ രണ്ട് ലോറി നിറയെ കട്ടകളാണ് ആരോഗ്യവിഭാഗത്തിലെ ഒരു ജീവനക്കാരന്‍ അടിച്ചോണ്ട് പോയത്. കട്ടകളെല്ലാം ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തെത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് അട്ടിമറിച്ച് രണ്ട് ലോഡ് കട്ടകള്‍ ഫോര്‍ട്ട് ഗ്യാരേജിലെത്തിക്കുകയും പൊങ്കാലയുടെ അന്ന് രാത്രി 8ന് ശേഷം ലോറിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്. ആരോഗ്യവിഭാഗത്തിലെ ജീവനക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടും മേയറും ഭരണസമിതിയും കട്ട മോഷണം മൂടിവെക്കാനാണ് ശ്രമിക്കുന്നത്.
ആരോപണ വിധേയനായ ജീവനക്കാരനോട് വിശദീകരണം പോലും ചോദിക്കാതെ ഇപ്പോഴും ജോലിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെടാതെ മോഷണമേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒതുക്കാനാണ് തീരുമാനം. ആരോപണ വിധേയന്‍ ചില സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടപ്പെട്ടവനായതാണ് ഈ കട്ടമോഷണം ഒതുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് പിന്നിലെന്നാണ് ആക്ഷേപം.