ഐഎഎസ് പോരില്‍ സർക്കാർ നടപടി. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജു നാരായണ സ്വാമിയേയും ഡയറക്ടർ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെയും മാറ്റി. ടിക്കാറാം മീണയെ പുതിയ സെക്രട്ടറിയായി നിയമിച്ചു. പുതിയ കൃഷിവകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും. കൃഷിവകുപ്പിലെ അഴിച്ചുപണിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇരുവരും പരസ്പരം ആരോപണമുന്നയിച്ചത് വിവാദമായിരുന്നു.
ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് പരാതിയുണ്ടെന്നാണ് രാജു നാരായണസ്വാമിയുടെ വാദം. വ്യാജമാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം, ബിജുവിന്റെ ഇപ്പോഴത്തെ നടപടികളിൽ അഴിമതിയുണ്ടെന്നും ആരോപിച്ചിരുന്നു.
ചട്ടങ്ങൾ പാലിച്ചു ജോലി ചെയ്താലും വിജിലൻസ് കേസുകളിൽ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജു പ്രഭാകർ ദീർഘാവധിക്ക് അപേക്ഷ നൽകി. എന്നാൽ ബിജുവിന്റെ മുൻകൂർ ജാമ്യമാണ് അവധിയെന്നു കണക്കാക്കിയാൽ മതിയെന്നും തനിക്കെതിരായ ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ഈയിടെ ഹോർട്ടികൾച്ചർ മിഷന്റെ ഹൈ ഡെൻസിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലിൽനിന്നുള്ള ക്ലിഫ് ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന്റെ ഫയൽ ഹാജരാക്കാൻ ബിജു പ്രഭാകറിനോടു രാജു നാരായണസ്വാമി ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം കലക്ടർ ആയിരിക്കെ പാറ്റൂർ ഭൂമി വിവാദം, മൂക്കുന്നിമലയിലെ ഭൂമി തിരിച്ചുപിടിക്കൽ തുടങ്ങിയ കേസുകളിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടെന്നു ബിജു പ്രഭാകർ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
രാജു നാരായണസ്വാമിയുടെ ആരോപണങ്ങൾ:
വിസിറ്റിങ് വീസയിലെത്തിയ ഇസ്രയേൽ സംഘത്തിന് മാനദണ്ഡങ്ങൾ ലംഘിച്ച് ഒരുലക്ഷം രൂപ നല്‍കണമെന്ന് ബിജു പ്രഭാകർ ഡപ്യൂട്ടി ഡയറക്ടർ സാലി ജോസഫിനോട് ആവശ്യപ്പെട്ടു. നിയമപ്രകാരമല്ല ഇസ്രയേല്‍ സംഘം എത്തിയത്. അതിനാൽ സാലി ജോസഫ് ആവശ്യം നിരസിച്ചു. പണം നല്‍കാതിരുന്നതിനെത്തുടർന്ന് അവരെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി. സാലി ജോസഫ് തനിക്ക് പരാതി നൽകി, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസും കൊടുത്തു. ഈ സാഹചര്യത്തിൽ ഓഫിസിലെ ഫയലുകൾ മുഴുവനും വിളിച്ചുവരുത്തുക മാത്രമാണു താൻ ചെയ്തത്. അഴിമതിയുണ്ടോ എന്ന് ഇനി പരിശോധിക്കേണ്ട കാര്യമാണ്.
ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ചും നിയമനം നടത്തിയിട്ടുണ്ട്. വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ചട്ടം ലംഘിച്ചാണു നിയമിച്ചത്. ഹോര്‍ട്ടികോര്‍പില്‍ ഇല്ലാത്ത ജനറൽ മാനേജരുടെ തസ്തികയിലാണ് നിയമനം. ഇത്തരത്തിലുള്ള ക്രമവിരുദ്ധമായ കാര്യങ്ങൾക്കു കൂട്ടുനിൽക്കാൻ തയാറല്ല.
ബിജു പ്രഭാകർ പറയുന്നത്:
ചട്ടങ്ങൾ പാലിച്ചു നീങ്ങിയെങ്കിലും മനഃപൂര്‍വം തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച് അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സർവീസ് മടുത്തു തുടങ്ങി.