അതുൽ ജനാർദനൻ (23),
എം.വി. ഹൗസ്,
പരിയാരം, കണ്ണൂർ
നന്നായി ഉറങ്ങും. ഹിന്ദി പാട്ടുകളും ഇംഗ്ലിഷ് ടിവി ഷോകളും കാണും. പൂരക്കളി കളിക്കും. തെയ്യപ്പറമ്പുകളിലെ പതിവു കാഴ്ചക്കാരൻ. പഠനത്തിനു പ്രത്യേകിച്ചു സമയക്രമമില്ല. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്. സിവിൽ സർവീസ് പരീക്ഷയിൽ പതിമൂന്നാം റാങ്ക്; മലയാളികളിൽ ഒന്നാമൻ. ലക്ഷ്യം ഇന്ത്യൻ ഫോറിൻ സർവീസ്. താൽപര്യം വിദേശ–നയതന്ത്ര ബന്ധങ്ങളിൽ.
സിവിൽ സർവീസ് ആദ്യ ഊഴം 2015ൽ ബിടെക് തീർന്നയുടൻ പരിശീലനമില്ലാതെ എഴുതി. പ്രിലിമിനറി കടന്നില്ല.
പരിശീലനത്തോടെ രണ്ടാമൂഴം തിരുവനന്തപുരത്തു സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിൽ ആറു മാസം പരിശീലനം. ഒപ്പം മറ്റു രണ്ട് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പോയി. ഐച്ഛികവിഷയമായെടുത്തത് ഭൂമിശാസ്ത്രം.
കെണിയൊരുക്കി പ്രിലിം, മെയിൻ പ്രിലിമിനറിയും മെയിനും കുറച്ചു കടുപ്പമായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചോദ്യങ്ങളുണ്ടായി. മെയിനിൽ, ഐച്ഛികവിഷയത്തിലെ അറിവു പരിശോധിക്കുന്ന ചോദ്യങ്ങളേക്കാളേറെ പൊതുവായ ചോദ്യങ്ങളാണു വന്നത്. വിഷയത്തിലുള്ള അറിവിനേക്കാൾ, കാഴ്ചപ്പാടും പരസ്പരബന്ധവും വ്യക്തമാക്കേണ്ട ചോദ്യങ്ങൾ. ഇന്ത്യയിലാകെ സ്മാർട് സിറ്റി പദ്ധതി നടപ്പാക്കിയാൽ എന്താകുമെന്നായിരുന്നു ഒരു ചോദ്യം. ഇന്ത്യയുടെ ഭൂപ്രകൃതിയും സ്മാർട് സിറ്റിയും ബന്ധപ്പെടുത്തുന്നതെങ്ങനെയെന്നു പരീക്ഷിക്കുകയായിരുന്നു.
ഇന്റർവ്യൂവിലെ തെയ്യവും ബ്രെക്സിറ്റും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. മറ്റുള്ളവരോടു മിണ്ടാനൊന്നും പോയില്ല. പരിശീലന കാലത്തെ മോക് ഇന്റർവ്യൂകളായിരുന്നു ബലം. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘർഷങ്ങൾ, തെയ്യം, പൂരക്കളി, ജുഡീഷ്യറിയുടെ ഇടപെടലുകൾ, ബ്രെക്സിറ്റ്, രാജ്യാന്തര നയതന്ത്ര ബന്ധങ്ങൾ, ഇന്ത്യൻ മഹാസമുദ്ര മേഖലയാകെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യത്തിന്റെ പ്രസക്തിയെന്ത്, ഹൈസ്പീഡ് റെയിൽ ടെക്നോളജി, കേരളത്തിന്റെ ഭൂപ്രകൃതിയും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധം, വികസനത്തിലെ കേരള മാതൃക തുടങ്ങിയ ചോദ്യങ്ങളുണ്ടായി. ചിലതിനു രണ്ടു വശവും വ്യക്തമാക്കുന്ന ഉത്തരങ്ങളാണു നൽകിയത്.
ഉത്തരം തെറ്റിയപ്പോൾ: സ്വകാര്യ സ്ഥാപനങ്ങളിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നില്ലെങ്കിൽ ഉപഭോക്തൃകോടതിയെ സമീപിക്കാമോ എന്നു ചോദ്യം. സമീപിക്കാവുന്നതാണെന്നു മറുപടി നൽകി. അങ്ങനെ പാടില്ലെന്നു ഹൈക്കോടതി ഉത്തരവുള്ള കാര്യം ഇന്റർവ്യൂ ബോർഡ് പറഞ്ഞുതന്നു.