പി.യു ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഫലമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അഭിപ്രായപ്പെട്ടു. പി.ടി ഉഷയുടെ നടപടി മനപൂര്‍വമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി.ഉഷയ്ക്കെതിരെ വിമര്‍ശനവുമായി കേരള അത്‌ലറ്റിക് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സിലക്ഷൻ കമ്മിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചത് ഉഷ ചൂണ്ടിക്കാണിച്ചില്ലെന്ന് സെക്രട്ടറി പി.ഐ. ബാബു കുറ്റപ്പെടുത്തി. ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന ഉഷയുടെ വാദം സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവയും തള്ളിയിരുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ചാണോ ലോകചാംപ്യന്‍ഷിപ്പിനുള്ള താരങ്ങളെ തിരഞ്ഞെടുത്തതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പിടി ഉഷയ്ക്കുണ്ടായിരുന്നുവെന്നാണ് കേരള അത്‌ലറ്റിക് അസോസിയേഷന്‍റെ വിമര്‍ശനം. മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സർക്കാര്‍ നിരീക്ഷക എന്ന നിലയിലുള്ള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ലെന്നും അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു കൊച്ചിയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ലോക ചാംപ്യൻഷിപ്പിനുള്ള 24 അംഗ ടീമിൽ ഉഷയുടെ ശിഷ്യ ഉള്‍പ്പെടെ 11 പേർ ഇന്റർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തിരുന്നില്ല.
ഉഷയുടെ കൂടി നിര്‍ദേശപ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ഭജന്‍ സിങ് രണ്‍ധാവ പറഞ്ഞു. ട്രാക്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ലെന്ന വാദത്തെ പിടി ഉഷക്കു പുറമെ അത്‍ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും പിന്തുണച്ചതായി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ധാവ വ്യക്തമാക്കിയിരുന്നു.