ദേശീയ ആർച്ചറി മത്സരത്തിന് തയ്യാറെടുക്കുന്ന കായികതാരങ്ങളോടുള്ള സ്പോർട് കൗൺസിലിന്റെ അവഗണന തുടരുന്നു. പരിശീലനത്തിനായി സെൻട്രൽ സ്റ്റേഡിയം വിട്ടുകൊടുക്കാത്തതിനെ തുടർന്ന് താൽക്കാലികമായി തട്ടിക്കൂട്ടിയ വേദിയിലാണ് താരങ്ങൾ തയ്യാറെടുപ്പ് നടത്തുന്നത്.
കായിക കേരളത്തിന്റെ അഭിമാനമായി മാറേണ്ട താരങ്ങളോടാണ് സ്പോർട്സ് കൗൺസിലിന്റെ അവഗണന തുടരുന്നത്. ദേശീയ അമ്പെയ്ത്ത് മത്സരത്തിനായി തയ്യാറെടുക്കുന്ന അബിനയ്ക്കും കൂട്ടുകാർക്കും ഇനി എവിടെ പരിശീലനം നടത്തും എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. വഴികാട്ടേണ്ടവർ തന്നെ വഴിമുടക്കികളാകുന്നതിന്റെ വേദനയിലാണിവർ.
അമ്പെയ്ത്ത് താരങ്ങളുടെ പരിശീലന കേന്ദ്രമായ സെൻട്രൽ സ്റ്റേഡിയം മറ്റാവശ്യങ്ങൾക്കായി വിട്ടുനൽകിയതോടെ സ്റ്റേഡിയത്തിന് സമീപം തട്ടിക്കൂട്ടിയ വേദിയിലാണ് താരങ്ങളുടെ പരിശീലനം നടക്കുന്നത്.സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ ഇവിടെ എങ്ങനെ പരിശീലനം തുടരാനാകുമെന്ന ആശങ്കയിലാണ് താരങ്ങൾ.