സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് സ്വീകരിക്കാതെ ജേക്കബ് തോമസ് വിട്ടുനിന്നു. സർക്കാർ ഇറക്കിയ മെഡൽ ജേതാക്കളുടെ കൈപ്പുസ്തകത്തിൽ ജേക്കബ് തോമസിന്റെ പേരുണ്ടെങ്കിലും ചിത്രമില്ല. കൃത്യമായ കാരണം അറിയിക്കാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്ന ജേക്കബ് തോമസിന്റെ നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് അതൃപ്തിയുണ്ട്.
സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പ്രഖ്യാപിച്ച പൊലീസ് മെഡലാണ് ഇന്ന് വിതരണം ചെയ്തത്. അവാർഡ് ജേതാക്കളുടെ പേരും പദവിയും വ്യക്തമാക്കി പൊതുഭരണവകുപ്പിറക്കിയ കൈപ്പുസ്തകത്തിൽ ജേക്കബ് തോമസിന്റെ മാത്രം ചിത്രമില്ല. ജേക്കബ് തോമസിന് ചടങ്ങിൽ പങ്കെടുക്കാനുള്ള അറിയിപ്പ് നൽകുകയും കൈപ്പുസ്തകത്തിൽ പ്രസിദ്ധീകരിക്കാൻ ചിത്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് പൊതുഭരണവകുപ്പ് പറയുന്നു. എന്നാൽ ചിത്രം കിട്ടിയില്ല. ജേക്കബ് തോമസ് വിട്ടു നിൽക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
രാഷ്ട്രപതിയുടെ മെഡൽ വാങ്ങാതെ വിട്ടുനിന്നത് ജേക്കബ് തോമസ് വിശദീകരിക്കേണ്ടിവരുമെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകർക്ക് ജേക്കബ് തോമസ് വാട്സ് ആപ് വഴി നൽകിയ മറുപടിയാണിത്. അർഹതയില്ലാത്തിടത്ത് എത്താൻ താൽപര്യമില്ലെന്ന സൂചനയാണ് ഈ ചിത്രത്തിൽ. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് രണ്ടരമാസത്തെ നിർബന്ധിത അവധിയിൽ പോയ ജേക്കബ് തോമസ് ഇപ്പോൾ ഐ.എം.ജി ഡയറക്ടറാണ്. പിന്നീട് രണ്ടുതവണ പൊലീസിൽ അഴിച്ചുപണി നടത്തിയപ്പോഴും ജേക്കബ് തോമസിന് പരിഗണന ലഭിച്ചിരുന്നില്ല.