നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ദിലീപ് ജയിൽ മോചിതനായതിനെ തുടർന്ന് സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്ന ആശങ്കയിലാണ് പൊലീസ്. കുറ്റപത്രം ഈയാഴ്ച നൽകാനായിരുന്നു തീരുമാനമെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ മുഴുവൻ ലഭിച്ചിട്ടില്ല. ഇതു മുഴുവൻ കിട്ടിയശേഷം കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനമെങ്കിൽ നടപടി വൈകും.നിയമപരമായി കുറ്റപത്രം ഉടൻ സമർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോകനാഥ് ബഹ്റയും വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്ന ഡിജിപിയുടെ വാക്കുകൾ തന്നെ സാക്ഷ്യം. മാത്രമല്ല ഇനി അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കേണ്ട ആവശ്യവുമില്ല.
ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകി വിചാരണയിലേക്ക് കടക്കാനുള്ള പൊലീസ് നീക്കമാണ് പാളിയത്. അതേസമയം ദിലീപിന്റെ സിനിമാരംഗത്തെ ശക്തമായ ബന്ധങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്ന ആശങ്ക പൊലീസിനുണ്ട്. നേരിട്ടിടപെട്ടില്ലെങ്കിൽ പോലും സാക്ഷികൾ മൊഴി മാറ്റുമോ എന്ന ആശങ്കയും പൊലീസിനുണ്ട്.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിടിച്ചെടുത്ത മുപ്പതിലധികം മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായിട്ടില്ല. ദിലീപിന്റേതടക്കം പ്രധാനപ്പെട്ട ഏതാനും ഫോണുകളുടെ പരിശോധന മാത്രമാണ് കഴിഞ്ഞത്. ഈ കേസിന് മുൻഗണന നൽകി തിരക്കിട്ട് ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി വരികയാണ് ഫോറൻസിക് വിഭാഗം. ഈയാഴ്ച കുറ്റപത്രം നൽകാനായിരുന്നു തീരുമാനമെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ മുഴുവൻ വന്നതിന് ശേഷം ഇത് സമർപ്പിച്ചാൽ മതിയെന്നാണ് തീരുമാനമെങ്കിൽ കുറ്റപത്രം വൈകിയേക്കും.