നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവ് കണ്ടെത്താനുള്ള അവസാനവട്ട ശ്രമത്തിൽ അന്വേഷണസംഘം. പൾസർ സുനിയുടെ സാമ്പത്തിക ശ്രോതസിനെക്കുറിച്ച് വിവരംതേടി അമ്മയെ വീണ്ടും ചോദ്യംചെയ്തു. അഭിഭാഷകർക്ക് അടക്കം നൽകുന്ന തുകയെക്കുറിച്ചാണ് ചോദിച്ചതെന്ന് അമ്മ ശോഭന പറഞ്ഞു.
ദിലീപിനെ പ്രതിയാക്കിയ ശേഷമുള്ള കുറ്റപത്രമാണ് ഇപ്പോൾ തയ്യാറാകുന്നത്. കോടതിയിൽ സമർപ്പിക്കുമെന്ന് നേരത്തെ പറഞ്ഞ തീയതികൾ പിന്നിട്ടും അന്വേഷണം മുന്നോട്ട് നീങ്ങുകയാണ്. ഇതിനിടയിലാണ് പ്രധാനപ്രതി സുനിൽ കുമാറിന്റെ അമ്മയെ വീണ്ടും വിളിച്ചുവരുത്തി വിവരം ശേഖരിക്കാൻ ശ്രമിക്കുന്നത്. കേസ് നടത്തിപ്പിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ.
ദിലീപിനെ അറസ്റ്റ് ചെയ്യും മുൻപ് മുതൽ തന്നെ ഈ അന്വേഷണം തുടങ്ങിയിരുന്നു. സുനിൽ കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയ 49,000 രൂപയുടെ ഉറവിടം തേടി നേരത്തെ രണ്ടുവട്ടം പൊലീസ് എത്തിയിരുന്നു. അയൽവാസികളുമായി ചേർന്നുളള ചിട്ടി ഇടപാടിന്റെ പണമാണെന്നും അമ്മ ശോഭന മൊഴി നൽകിയിരുന്നു. അയൽവാസികളും ഇക്കാര്യം സ്ഥിരീകരിച്ചതോടെ അന്നത് വിട്ട അന്വേഷണസംഘം ഒടുവിൽ വീണ്ടും കിണഞ്ഞുശ്രമിക്കുകയാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ദിലിപിനെ ബന്ധപ്പെടുത്താൻ ഒന്നും ഇനിയും കിട്ടിയതായി സൂചനയില്ല. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത് ഒന്നരമാസം മുൻപാണ്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും അന്തിമരൂപമായിട്ടില്ല.