പതിനെട്ട് വയസിന് താഴെ പ്രായമുളള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ പീഡനക്കേസെടുക്കാമെന്ന് സുപ്രീംകോടതി. പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്കുളള ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് പീഡനക്കുറ്റമായി കണക്കാക്കില്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിര്‍വചനം പുനര്‍വ്യാഖ്യാനിച്ചാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയഉത്തരവ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റി എഴുപത്തിയഞ്ചാം വകുപ്പിലെ നിര്‍വചനമാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പുനര്‍വ്യാഖ്യാനിച്ചത്. പതിനെട്ട് വയസിന് താഴെ പ്രായമുളള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ പീഡനത്തിന് കേസെടുക്കാം. ഭാര്യയുടെ പരാതി പ്രകാരമായിരിക്കണം കേസെടുക്കേണ്ടത്. പതിനഞ്ച് വയസിന് താഴെയുളള പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് മാത്രമാണ് പീഡനക്കുറ്റമായി കണ്ടിരുന്നത്.
പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടായി നിശ്ചയിച്ചിരിക്കെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിര്‍വചനം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ബാലവിവാഹത്തിനെതിരെയുളള സുപ്രധാന ചുവടുവയ്പ് കൂടിയായി വിധിയെ കണക്കാക്കുന്നു.