ഫിലിപ്പീൻസ് മേഖലയിൽ മുങ്ങിയ എംവി എമറാൾഡ് സ്റ്റാർ എന്ന കപ്പലിലെ ജീവനക്കാർക്കുവേണ്ടി തിരച്ചിൽ–രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേനയുടെ വിമാനം മനിലയിൽ ഇന്നു രാവിലെ ഇന്ത്യൻ സമയം ആറിന് എത്തി. അൽപസമയത്തിനുശേഷം തിരച്ചിലിനായി പറന്നു. കാറ്റു നിറച്ച് സഞ്ചരിക്കാവുന്ന റബർ വള്ളവും ദുരന്തത്തിന് ഇരയായവരെ കണ്ടെത്തിയാൽ നൽകാൻ വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തിൽ കരുതിയിട്ടുണ്ട്. റബർ വള്ളത്തിൽ 10 പേർക്കു സഞ്ചരിക്കാം.
ബോയിങ് പി–8ഐ എൽആർഎംആർ വിമാനം പറത്തുന്നതു കമാൻഡർ എം. രവികാന്താണ്. ഫിലിപ്പീൻസിലെ വിലമോർ എയർബേസിൽനിന്നാണു തിരച്ചിൽ ദൗത്യത്തിനു തുടക്കമിട്ടത്. തമിഴ്നാട്ടിലെ ആരക്കോണം നേവൽ എയർബേസിൽനിന്ന് അർധരാത്രിക്കുശേഷം പുറപ്പെട്ടതാണു വിമാനം.
കപ്പലിന്റെ ക്യാപ്റ്റൻ രാജേഷ് നായർ മലയാളിയാണ്. 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേർക്കുവേണ്ടിയാണു തിരച്ചിൽ. അവരിൽ മലയാളികളുണ്ടെന്നാണു വിവരം.