നിര്‍മാണ മേഖലകളില്‍ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തി സംരംഭകരില്‍നിന്ന് പണംതട്ടുന്നവരില്‍ രാഷ്ട്രീയ പാര്‍ട്ടികളും. പരിസ്ഥിതി നിയമങ്ങളുടെ മറവിലാണ് ലക്ഷങ്ങള്‍ കൊയ്യുന്ന ഭീഷണി രാഷ്ട്രീയം. ആലപ്പുഴ അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ പ്രാദേശിക ബിജെപി നേതാവ് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ. സംഘടിത പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ നടക്കുന്ന കൊടികുത്തിയ കോഴയെക്കുറിച്ച് മനോരമ ന്യൂസ് അന്വേഷണം.
കൈതപ്പുഴ കായലിനോട് ചേര്‍ന്നുളള 44സെന്റ് ഭൂമി. സരസ്വതീമന്ദിരത്തില്‍ പ്രഭാവതിയമ്മ 1964മുതല്‍ കുടുംബസ്വത്തായി അനുഭവിച്ചുപോരുന്നതാണ് ഈ മണ്ണ്. ഇവിടെ അതിരുകെട്ടിയപ്പോള്‍ തന്നെ ബിജെപി പ്രാദേശിക നേതാക്കളുടെ ഭീഷണി എത്തി. കായല്‍ത്തീരമാണ് നിര്‍മാണം അനുവദിക്കില്ലെന്നും കൊടികുത്തുമെന്നുമാണ് മുന്നറിയിപ്പ്. പ്രഭാവതിയമ്മയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാല്‍ പ്രശ്നം തീര്‍ക്കാമെന്നായി. നേതാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരു ലക്ഷംരൂപ നല്‍കിയാല്‍ നിര്‍മാണം തടയില്ല. വിലപേശിയപ്പോള്‍ പതിനായിരം രൂപ കുറച്ചു. പി.എച്ച് ചന്ദ്രന്‍ ബിജെപിയുടെ അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്.
ഒാരോ പ്രദേശങ്ങളില്‍ ഒാരോ നേതാക്കള്‍ക്കാണ് പണംപിരിക്കാനുള്ള ചുമതല. അതായത് അനധികൃതമായി നിര്‍മാണങ്ങള്‍ നടന്നാല്‍പോലും ഇനി ബിജെപിയുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളുണ്ടാകില്ല. നല്‍കുന്ന പണത്തിനപ്പുറം മറ്റൊരു പരിസ്ഥിതി സംരക്ഷണവും ഇവര്‍ക്കില്ല. പക്ഷേ കൊടികുത്താതിരിക്കണമെങ്കില്‍ പണം നിര്‍ബന്ധം.
വീട്ടമ്മയോട് പണം ചോദിച്ച ബി.ജെ.പി പ്രാദേശിക നേതാവ് ചന്ദ്രന്‍ മാസപ്പടിക്കാരനെന്ന് അരൂര്‍ എം.എല്‍.എ എ.എം.ആരിഫ്. അരൂരിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി ചന്ദ്രന്‍ പണം വാങ്ങുന്നുവെന്ന പരാതിയുണ്ടെന്നും ആരിഫ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ പണം ചോദിച്ചത് അന്വേഷിക്കുമെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.സോമനും പ്രതികരിച്ചു.