ബി.ജെ.പി ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും ഭരണ നേട്ടങ്ങൾ വിശദീകരിച്ചും ഇടതുമുന്നണി മേഖലാജാഥകൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുവനന്തപുരത്തുനിന്നും കാസർകോടു നിന്നുമാണ് ജാഥകൾ ആരംഭിക്കുക. അടുത്തമാസം മൂന്നുവരെ നീളുന്ന ജാഥകൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
കാസർകോടുനിന്നുള്ള ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നയിക്കുന്നത്. കാസർകോട് മഞ്ചേശ്വരത്ത് സി.പിഐ ദേശീയ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ നയിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ബി.ജെ.പിയുടെ ജനരക്ഷാമാർച്ചിനുള്ള മറുപടിയായി കഴിഞ്ഞ മൂന്നാം തിയതി മുതൽ ആരംഭിക്കാനിരുന്ന ജാഥകൾ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ദേശീയനേതാക്കളേയും കേന്ദ്രമന്ത്രിമാരെയും ഇറക്കി ബി.ജെ.പി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികളാണ് ജാഥകളെ ശ്രദ്ധേയമാക്കുക. സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെതിരേയും ശക്തമായ വിമർശനങ്ങൾ ഉയരുമെന്ന് ഉറപ്പാണ്. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള അവസരമായും ജാഥയെ മാറ്റുമെന്നാണ് നേതാക്കൾ പറയുന്നത്. അടുത്തമാസം മൂന്നിന് വടക്കൻമേഖലാജാഥ തൃശൂരും, തെക്കൻമേഖലാജാഥ എറണാകുളത്തുമാണ് സമാപിക്കുക.