ജി.എസ്.ടിയിലൂടെ രാജ്യത്ത് പുതിയ വാണിജ്യസംസ്കാരം രൂപപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് തന്നോട് വിരോധമുള്ളതെന്ന് നരേന്ദ്ര മോദി. സാഗര്‍മാല പദ്ധതിയിലൂടെ ഒരു കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു.
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും വൻ വികസന പദ്ധതികൾ സമർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസ്സപ്പെടുത്തിയിരുന്നതായി മോദി ആരോപിച്ചു.
ഈ മാസം ഗുജറാത്തിലേക്കു നടത്തിയ മൂന്നാം സന്ദർശനത്തിലാണു മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. താൻ മുഖ്യമന്ത്രിയായിരിക്കെ, ശത്രുതാ മനോഭാവത്തിലാണു യുപിഎ സർക്കാർ പ്രവർത്തിച്ചത്. വ്യാവസായിക വളർച്ചയും സംസ്ഥാനത്തിന്റെ വികസനവും അവർ തടസ്സപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ പ്രധാനമന്ത്രിയാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലുണ്ടായ ഭരണമാറ്റത്തോടെയാണു സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ യാഥാർഥ്യമായത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വലിയ മാറ്റമാണുണ്ടായത്. ഗുജറാത്തിനു മികച്ച പരിഗണനയും പ്രാധാന്യവുമാണു കൊടുക്കുന്നതെന്നും മോദി വ്യക്തമാക്കി. ഭാവ്നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ കടത്തു സർവീസിന്റെ ആദ്യഘട്ട ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
ഗോഗയ്ക്കും ദഹേജിനും ഇടയ്ക്കുള്ള കടത്തു സർവീസ് (റോ റോ– റോൾ ഓൺ, റോൾ ഓഫ്) മാത്രമല്ലിത്. രാജ്യത്തിനാകെ പ്രധാനപ്പെട്ട പദ്ധതിയാണിത്. ദക്ഷിണേഷ്യയിലെത്തന്നെ ഏറ്റവും വലിയ കടത്തു സർവീസാണിത്. ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോഗയില്‍നിന്നു ദഹേജിലേക്കുള്ള റോഡ് ദൂരം 360 കിലോമീറ്ററാണ്. യാത്രയ്ക്കു ഏഴു മുതല്‍ എട്ടുവരെ മണിക്കൂര്‍ വേണം.
റോ റോ യാഥാര്‍ഥ്യമാകുന്നതോടെ ഇതിലെല്ലാം മാറ്റമുണ്ടാകും. കടലിലൂടെ ദൂരം 30 കിലോമീറ്ററായി കുറയും; യാത്രാസമയം ഒരു മണിക്കൂറായും. സമയത്തിൽ മാത്രമല്ല ഇന്ധനം, ഗതാഗതക്കുരുക്ക് എന്നിവയിലും ഗണ്യമായ കുറവു വരും. റോ റോ സർവീസിൽ അപാകതയുണ്ടെന്നു പറഞ്ഞു മുൻ കേന്ദ്ര സർക്കാർ പദ്ധതിക്കു പിന്തുണ നൽകാതെ വൈകിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
ഇപ്പോൾ യാത്രക്കാർക്കു മാത്രമുള്ള കടത്തിൽ, പിന്നീടു കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊണ്ടുപോകാം. 1960കളിലാണ് ആശയം ഉടലെടുത്തത്. 2012 ജനുവരിയിൽ മുഖ്യമന്ത്രിയായിരിക്കെ മോദി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. വഡോദരയിൽ 1,140 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണു മോദിയുടെ അടുത്ത പരിപാടി.
പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനം, സമഗ്ര ഗതാഗത ഹബ്, പ്രാദേശിക ജലവിതരണ പദ്ധതികള്‍, ഗൃഹനിര്‍മാണ പദ്ധതികള്‍, ഫ്ളൈ ഓവര്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, മുന്ദ്ര ഡല്‍ഹി പെട്രോളിയം ഉല്‍പ്പന്ന പൈപ്പ് ലൈനിന്റെ ശേഷി വികസിപ്പിക്കല്‍, വഡോദരയില്‍ എച്ച്‌പിസിഎല്ലിന്റെ ഗ്രീന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് ടെര്‍മിനല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.
ഈ മാസം നടത്തിയ രണ്ടു മുൻ സന്ദർശനങ്ങളിലും വൻ മുതൽമുടക്കുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്തിരുന്നു. കഴിഞ്ഞ മാസം മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു തറക്കല്ലിട്ടിരുന്നു. മൂന്നാം സന്ദർശനത്തിനു മുന്നോടിയായി, രാജ്കോട്ടിനു സമീപം 1,400 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്രസർക്കാർ പാരിസ്ഥിതിക അനുമതിയും നൽകി.