സുരക്ഷായ്ക്കായി ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടിസ് നൽകി. ദിലീപിന് ഒപ്പമുള്ള സുരക്ഷാജീവനക്കാരുടെ പേരും മറ്റുവിവരങ്ങളും നൽകണമെന്നാണാവശ്യം. സുരക്ഷാജീവനക്കാർ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസൻസ് ഹാജരാക്കണമെന്നും നിർേദശമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ദിലീപ് ഗോവ ആസ്ഥാനമായ തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയെ തൻറെ സുരക്ഷയ്ക്കായി ചുമതപ്പപെടുത്തിയിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടർഫോഴ്സിൻറെ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഏജൻസിയുടെ വിശദാംശങ്ങളാവശ്യപ്പെട്ടാണ് ആലുവ പൊലീസ്് ദിലീപിന് നോട്ടീസയച്ചത്. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം, ദിലീപിന് ഒപ്പമുള്ള സുരക്ഷാജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം സുരക്ഷാജീവനക്കാർ ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇതിൻറെ ലൈസൻസിൻറെ പകർപ്പും നൽകണമെന്നാണ് പൊലീസ് നിർദേശം.
ഏജൻസിയുടെ തൃശൂരിലെ ഓഫീസിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ദിലിപിന് സുരക്ഷ അനുവദിച്ച രേഖകൾ ഗോവയിലാണെന്നാണ് ഇവർ അറിയിച്ചത്. ഇതിനെ തുടർന്നാണ് നോട്ടീസ്. സുരക്ഷയ്ക്കായി ദിലീപ് സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടാരക്കരയിലും കൊച്ചിയിലും തണ്ടർഫോഴ്സിൻറെ വാഹനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.