ജനജാഗ്രതായാത്രയിലെ വാഹനവിവാദം സിപിഎം അന്വേഷിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുവളളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. അതുകൊണ്ട് വാടകയ്ക്ക് എടുത്ത വാഹനമാണ് ഉപയോഗിച്ചതെന്നും കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നു വന്നത്. നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം.
അതേസമയം, സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ വാദം കള്ളമെന്നു വ്യക്തമായി. വിവിധ വിമാനത്താവളങ്ങള്‍ വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നാണ് കണ്ടെത്തല്‍. സിപിഎം ജനജാഗ്രതായാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ൽ കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവൻ കാർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ നിന്നു ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആർഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. എന്നാൽ തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നു വ്യവസായി കൂടിയായ ഫൈസൽ കാരാട്ട് ഇന്നലെ പറഞ്ഞിരുന്നു. ഈ കേസിൽപ്പെട്ട മറ്റു പ്രതികൾക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആർഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നുമാണ് കാരാട്ട് ഫൈസൽലിന്റെ വാദം.
എന്നാല്‍ കോടിയേരിയെ പരിചയമില്ലെന്നു കാരാട്ട് ഫൈസല്‍ പ്രതികരിച്ചു. വാഹനം വിട്ടുകൊടുത്തത് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ്. സ്വര്‍ണക്കടത്തു കേസില്‍ ചോദ്യം ചെയ്തിരുന്നു. പ്രതിയാണോയെന്ന് അറിയില്ലെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു