സ്വര്‍ണക്കടത്തുകേസ് പ്രതിയുടെ കാര്‍ ജനജാഗ്രതാ യാത്രയ്ക്കായി ഉപയോഗിച്ചില്‍ വീഴ്ച്ച തുറന്ന് സമ്മതിച്ച് സിപിഎം. സ്വീകരണമൊരുക്കിയ കൊടുവള്ളി സംഘാടക സമിതിക്ക് വീഴ്ച്ച പറ്റിയെന്ന് ജില്ലാ കമ്മറ്റി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് താമരശേരി ഏരിയ കമ്മറ്റി യോഗം വിളിച്ചു. കൊടുവള്ളിയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്.
വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ പൊതുവികാരം. സംഭവത്തെക്കുറിച്ച് നേതൃത്വം വിശദീകരിയ്ക്കുന്നത് ഇങ്ങനെ. ജനജാഗ്രതാ യാത്രയില്‍ ഉപയോഗിയ്ക്കുന്ന മുഴുവന്‍ വാഹനങ്ങളും ഉദ്ഘാടന കേന്ദ്രമായ കാസര്‍കോട് ജില്ലയില്‍ നിന്ന് ഏര്‍പ്പെടുത്തിയതാണ്. ഈ വാഹനങ്ങളെക്കുറിച്ച് ആര്‍ക്കും പരാതിയുമില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ജാഥാ ക്യാപ്റ്റനെ തുറന്ന വാഹനത്തില്‍ ആനയിച്ച ശേഷം സ്വീകരണം നല്‍കും. കൊടുവള്ളിയിലും ഇത്തരമൊരു വാഹനം തയ്യാറാക്കി വച്ചിരുന്നു. എന്നാല്‍ വാഹനം തകരാറായതിനെ തുടര്‍ന്നാണ് പ്രാദേശിക സംഘാടക സമിതി പകരം സംവിധാനമായി ആഡംഭര കാര്‍ എത്തിച്ചത്. എങ്കിലും വിവാദത്തിന് ഇടായാക്കിയേയ്ക്കാവുന്ന വാഹനം ഉപയോഗിച്ചതില്‍ പ്രാദേശിക നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായി. കാറുമായി ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന് യാതൊരു ബന്ധവുമില്ല. യാത്രയുടെ വിജയം കണ്ട് ബിജെപിയും മുസ്്ലിം ലീഗുമാണ് പ്രചാരവേലയ്ക്ക് പിന്നിലെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി.