കെ.പി.സി.സി പട്ടിക ഇന്ന് പുറത്തിറങ്ങും. കേരളം സമര്‍പ്പിച്ച പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകും. 304 അംഗ പട്ടികയിൽ െഎ ഗ്രൂപ്പിനാണ് മുൻതൂക്കം.146 പുതുമുഖങ്ങൾ ഇടംപിടിച്ച പട്ടികയിൽ 45 വയസിന് താഴെയുള്ള 52 പേരുണ്ട്. പട്ടികയ്ക്ക് അംഗീകാരം നൽകിയാൽ നാളെ പുതിയ കെ.പി.സി.സി അംഗങ്ങളുടെ യോഗം വിളിക്കാനാണ് തീരുമാനം.
പുതുക്കിയ പട്ടികയിൽ ചുരുക്കം മാറ്റങ്ങളേയുള്ളുവെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിലെ പന്തളം ബ്ലോക്കിൽ കോടിക്കുന്നിൽ സുരേഷ് എം.പിയുടെ നോമിനി സരോജിനി ബാലനെ ഉൾപ്പെടുത്തി. പി.സി വിഷ്ണുനാഥിനെ കൊല്ലത്തെ എഴുകോണിൽ തന്നെ നിലനിർത്തിയിട്ടുണ്ട്. സ്വന്തം മണ്ഡലമായ കൊല്ലത്തെ കുണ്ടറയിൽ നിന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പട്ടികയിൽ ഉൾപ്പെട്ടത്.ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 282 പേർക്ക് പുറമെ ഏഴ് മുൻ കെ.പി.സി.സി അധ്യക്ഷൻമാർ, പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള 15 എം.എൽ.എ മാർ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ 147 പേർ െഎ ഗ്രൂപ്പിൽ നിന്നുള്ളവരും 136 പേർ എ ഗ്രൂപ്പിൽ നിന്നുള്ളവരുമാണ്. 21 പേർ ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്തർ. 146 പേരാണ് പുതുമുഖങ്ങളായുള്ളത്. ഇതിൽ 45 വയസിന് താഴെയുള്ള 52 പേർ ഉണ്ട്. വനിതകൾ 28 പേരും ദളിതർ 20 പേരും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടിക അംഗീകരിച്ചാലുടൻ കെ.പി.സി.സി യോഗം രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന പ്രമേയം പാസാക്കും. കൂടാതെ പുതിയ എ.െഎ.സി.സി അംഗങ്ങളേയും തിരഞ്ഞെടുക്കും. പുതുക്കിയ പട്ടിക അംഗീകരിക്കുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്ന കടുത്ത നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിലാണ് കേരളത്തിന്റ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അവസാനവട്ട ചർച്ച നടത്തിയത്.