അഹമ്മദാബാദ് സിവിൽ ആശുപത്രിയിലുണ്ടായ നവജാത ശിശുക്കളുടെ കൂട്ടമരണം അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. മൂന്നംഗ മെഡിക്കൽ സംഘമാകും അന്വേഷണം നടത്തുക. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതുകുട്ടികളാണ് 24മണിക്കൂറിനിടെ മരിച്ചത്. സംഭവത്തിന് ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ശ്വാസംമുട്ടൽ, തൂക്കക്കുറവ് തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളാണ് മരണമടഞ്ഞത്. ഇതിൽ ആറുകുട്ടികളെ ഗുരുതരാവസ്ഥയിൽ സുരേന്ദ്രനഗർ, മൻസ, വീരംഗം എന്നിവിടങ്ങളിൽനിന്നും കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, മരിച്ച മൂന്ന് കുട്ടികളെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ തന്നെയായിരുന്നു പ്രസവിച്ചത്. ഈസമയത്ത് ആശുപത്രിയിൽ നൂറിലധികം നവജാത ശിശുക്കളുണ്ടായിരുന്നെവെന്നും, ഡോക്ടർമാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് എംഎം പ്രഭാകർ വിശദീകരിച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടായിട്ടില്ല എന്നും, മരണത്തിനു പിന്നിൽ പലവിധ കരണങ്ങളാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
എന്നാൽ, സംഭവത്തിൽ വിമർശനമുയർന്നതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. മൂന്നംഗ മെഡിക്കൽ സംഘത്തിനാണ് അന്വേഷണച്ചുമതല. അതേസമയം, ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടായിരുന്നതായും, കുട്ടികളുടെ മരണത്തിനു ഉത്തരവാദി മുഖ്യമന്ത്രി വിജയ് രൂപനിയാണെന്നും കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട് ആരോപിച്ചു.
സംഭവത്തെ തുടർന്ന്, ഗുജറാത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ, സിവിൽ ആശുപത്രിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.