ജനജാഗ്രതായാത്രയിലെ മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജാഥയുടെ നിലപാട് താന്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിക്ക് അദേഹത്തിന്റെ ഭാഗം പറയാം. അതിലെ ഔചിത്യം തീരുമാനിക്കേണ്ടത് മന്ത്രിയാണ്. ജാഥ മന്ത്രിയുടെ മണ്ഡലത്തില്‍ എത്തിയപ്പോള്‍ അദേഹം അധ്യക്ഷനായി. മന്ത്രിയെ ജാഥയില്‍ പങ്കെടുപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്നും കാനം പറഞ്ഞു.
എൽ ഡി എഫ് ജനജാഗ്രതാ യാത്രാ വേദിയിൽ വെല്ലുവിളി പ്രസ്താവനയുയർത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു കാനം. തനിക്കെതിരെ ചെറുവിരലനക്കാൻ ഒരന്വേഷണ സംഘത്തിനും കഴിയില്ലെന്ന് ആലപ്പുഴ പുളിങ്കുന്നിലെ ജനജാഗ്രത യാത്രാ വേദിയിൽ മന്ത്രി അവകാശപ്പെട്ടു. എന്നാൽ വെല്ലുവിളിക്കാനോ മറുപടി പറയാനോ അല്ല എൽഡിഎഫ് യാത്ര നടത്തുന്നതെന്ന് മന്ത്രിക്കു പിന്നാലെ സംസാരിച്ച കാനം രാജേന്ദ്രന്‍ പറഞ്ഞു.
കയ്യേറ്റം തെളിഞ്ഞാൽ എം എൽ എ സ്ഥാനം രാജി വയ്ക്കാനും തയാറാണെന്നും മന്ത്രി ആവർത്തിച്ചു. മന്ത്രിയുടെ കയ്യേറ്റത്തെ പറ്റി റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഈ പരാമർശം പ്രസക്തമാകുന്നത്.
മന്ത്രിയുടെ വെല്ലുവിളി നിറഞ്ഞ പ്രസംഗത്തിനു പിന്നാലെയാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരോക്ഷ പരാമർശം. കൃഷിഭൂമി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കാനം ചൂണ്ടിക്കാട്ടി.തെറ്റു ചെയ്യാത്തതു കൊണ്ടാണ് അന്വേഷണ സംഘം ചെറുവിരലനക്കില്ല എന്നു പറഞ്ഞതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.