തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ അഡ്വക്കറ്റ് ജനറലിനെ കടന്നാക്രമിച്ച് റവന്യൂമന്ത്രി. അഭിഭാഷകനെ മാറ്റാനുള്ള തന്റെ കത്ത് പരസ്യമായി തള്ളിയ എജിയുടെ നിലപാട് മര്യാദയല്ല. കേസ് അഡീഷണല്‍ എജി രഞ്ജിത് തമ്പാൻ തന്നെ വാദിക്കണമെന്നും കേരളീയരുടെ ഭൂമി സംരക്ഷിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എജിയെയും റവന്യൂ സെക്രട്ടറിയെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ അഡീഷണല്‍ എജി രഞ്ജിത് തമ്പാനിൽ നിന്ന് എടുത്തുമാറ്റിയ അഡ്വക്കറ്റ് ജനറലിന്റെ നടപടിക്കെതിരെയാണ് വന്യൂമന്ത്രി കടുത്തഭാഷയില്‍ പ്രതികരിച്ചത്. സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ കേസ് ഏല്‍പിച്ച നടപടി തിരുത്തണമെന്ന മന്ത്രിയുടെ കത്തിന് എജി മറുപടി നല്‍കിയില്ല. പകരം ആര് ഹാജരാകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് പരസ്യമായി പറയുകയും ചെയ്തു. ഇതാണ് പൊതുവില്‍ മൃദുഭാഷിയായ റവന്യൂമന്ത്രിയെ രോഷാകുലനാക്കിയത്.
പ്രശ്നത്തില്‍ സിപിഐ റവന്യൂമന്ത്രിക്കുപിന്നില്‍ ശക്തമായി നിലയുറപ്പിച്ചു. എജിയുടെ നടപടി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് സിപിഐയുടെ വിമര്‍ശനം. മൂന്നാർകേസിൽനിന്നും രഞ്ജിത്ത് തമ്പാനെമാറ്റാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് നീക്കം നടന്നിരുന്നു. ഇതോടെ തോമസ് ചാണ്ടി പ്രശ്നം മുന്നണിക്കുള്ളിലെ രണ്ട് പ്രബലകക്ഷികൾതമ്മിലുള്ള തുറന്നപോരിന് കളമൊരുക്കുകയാണ്.