ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ അഡ്വ.സി.പി.ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി അനുമതി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അറസ്റ്റ് തടഞ്ഞ മറ്റൊരുബഞ്ചിന്റെ ഉത്തരവ് അനുചിതമായെന്നും അന്വേഷണത്തെ ബാധിക്കുന്ന ഇത്തരം ഉത്തരവുകള്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അഡ്വക്കേറ്റ് സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചാൽ കയ്യോടെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ ,ഇന്നു രാവിലെ മുതൽ അഭിഭാഷകൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
വീട്ടിലും ഓഫിസിലും അഭിഭാഷകൻ ഇല്ലായിരുന്നു . അഭിഭാഷകന്റെ ടവർ ലൊക്കേഷൻ കൊച്ചിയിൽ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ത്യശൂരിൽ നിന്നുള്ള അന്വേഷണ സംഘം കൊച്ചിയിൽ തങ്ങുകയാണ്. കൊച്ചിയിലോ ചാലക്കുടിയിലോ ഏതെങ്കിലും കോടതികളിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.