സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമ്മേളനത്തിനിടെ കമ്യൂണിസത്തിന് എതിരെ പ്രമേയം അവതരിപ്പിച്ചത് തന്‍റെ അറിവോടെയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്്ലീം ലീഗിനെ അനുകൂലിച്ചാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സമസ്തയുടെ പല പ്രമുഖ പണ്ഡിതരും പ്രസംഗിച്ചത്. സമസ്തയെ ഹൈജാക് ചെയ്യാന്‍ മുസ്്ലീംലീഗ് ശ്രമിക്കുന്നതായി മന്ത്രി വി. അബ്ദുറഹിമാന്‍ ആരോപിച്ചു.
സാധാരണക്കാരിലേക്ക് മതനിഷേധം കുത്തിനിറക്കുന്ന കമ്യൂണിസം അപകടകരമാണെന്നായിരുന്നു പ്രമേയം. കമ്യൂണിസം അടക്കമുളള മതനിരാസ ചിന്തകളേയും പ്രസ്ഥാനങ്ങളേയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന പ്രമേയം മുസ്്ലീം ലീഗിനും പിടിവളളിയായി. എന്നാല്‍ ലീഗിനെ ഞെട്ടിച്ചുകൊണ്ടാണ് ജിഫ്രി തങ്ങളുടെ പ്രസ്താവന പിന്നാലെയെത്തിയത്. കമ്മ്യൂണിസത്തിന് എതിരേയുളള പ്രമേയം സമ്മേളന വേദിയില്‍ അവതരിപ്പിച്ചത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
പ്രമേയത്തോടൊപ്പം തന്‍റെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നതാണന്നും ജിഫ്രി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. സമസ്ത വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുന്നുവെന്നും സംഘടനയെ ഹൈജാക്ക് ചെയ്യാനുളള നീക്കം നടക്കുന്നുവെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ ആരോപിച്ചു. കേരള മുഖ്യമന്ത്രിക്ക് ലീഗിന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ലീഗ് സാമുദായിക സംഘടനയെ ഹൈജാക്ക് ചെയ്യുന്നതിന്‍റെ ഭാഗമാണന്നും വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.