samastha-02

സമസ്തയില്‍  വീണ്ടും ചേരിപ്പോര്. ഇ കെ അബൂബക്കര്‍ മുസലിയാരുടെ ജീവിത സന്ദേശം അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നതിന്റ പേരിലാണ് ഇടത് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഇത് തടയിട്ട, സമസ്ത അധ്യക്ഷന്‍ രണ്ട് കൂട്ടരുടേയും സ്വാഗതസംഘങ്ങള്‍ പിരിച്ചുവിട്ടു.  

ലോക്സഭ തിരഞ്ഞെടുപ്പോടെ ഒതുങ്ങിയ ചേരിതിരിവാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്. സമസ്തയില്‍ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ കെ അബൂബക്കര്‍ മുസലിയാരുടെ ജീവിത സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് രണ്ട് കൂട്ടരും വ്യത്യസ്ത സെമിനാര്‍ സംഘടിപ്പിക്കാര്‍ തീരുമാനിച്ചത്. ലീഗ് വിരുദ്ധ വിഭാഗമാണ് ആദ്യം 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചത്. ഇതില്‍ സാദിഖലി തങ്ങളെ ഉള്‍പ്പടുത്തിയെങ്കിലും മറ്റ് ലീഗ് അനുകൂലികളെയെല്ലാം വെട്ടിനിരത്തി. ലീഗിനെ അനുകൂലിക്കുന്നവരെ സ്വാഗത സംഘ രൂപീകരണയോഗത്തിലേക്ക് പോലും വിളിച്ചില്ല. ഇതോടെയാണ് ഒക്ടോബര്‍ ഒന്ന് രണ്ട്  തീയതികളില്‍ സ്വന്തമായി  സെമിനാര്‍ സംഘടിപ്പിക്കാന്‍ ലീഗ് അനുകൂലികള്‍ തീരുമാനിച്ചത്. ഇതിനായി 1501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു. 

ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത്  ഇടത് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായിരുന്നു. എന്നാല്‍ ഇടതുമുന്നണി കനത്തതോല്‍വി ഏറ്റുവാങ്ങിയതോടെ ലീഗ് വിരുദ്ധര്‍ ഒതുങ്ങി. എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നും ഇനി ചേരിതിരിവ് പാടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങളും നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ  സെമിനാറിന്റ പേരില്‍ വീണ്ടും ഉടലെടുത്ത ഭിന്നത ഗൗരവമായാണ് നേതൃത്വം കാണുന്നത്. രണ്ട് കൂട്ടരുടേയും  സ്വാഗതസംഘവും പിരിച്ചുവിട്ട നേതൃത്വം തിങ്കളാഴ്ച പുതിയ സ്വാഗതസംഘം രൂപീകരിക്കാന്‍ യോഗം വിളിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Samastha Kerala Jem-Iyyathul Ulama-IUML fight erupts again, seminar put off