viyyur-central-jail

വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് കൈമാറിയ കുടുംബാംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മതഗ്രന്ഥം ഉദ്യോഗസ്ഥര്‍  പരിശോധിച്ചപ്പോഴാണ് സിം കാര്‍ഡ് കണ്ടെത്തിയത്. 

 

പോപ്പുലര്‍ഫ്രണ്ട് നിരോധിവുമായി ബന്ധപ്പെട്ട് ഇടുക്കി പെരുവന്താനം സ്വദേശി ടി.എസ്.സൈനുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ നേതാവായിരുന്നു. ഒക്ടോബര്‍ മുപ്പത്തിയൊന്നിന് ഭാര്യയും മകനും സഹോദരനും വിയ്യൂര്‍ അതീവ സുരക്ഷാജയിലില്‍ കാണാനെത്തി. കൂടിക്കാഴ്ചയ്ക്കു വന്നപ്പോള്‍ മതഗ്രന്ഥം കൊണ്ടുവന്നിരുന്നു. ഈ മതഗ്രന്ഥം പിന്നീട് ജയില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. 

 

അങ്ങനെയാണ്, മതഗ്രന്ഥത്തിനുള്ളില്‍ സിം കാര്‍ഡ് കണ്ടെത്തിയത്. ഈ സിംകാര്‍ഡ് സഹിതം വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പൊലീസിന് പരാതി നല്‍കി. സൈനുദ്ദീന്റെ ഭാര്യ നദീറയും സഹോദരന്‍ മുഹമ്മദ് നാസറിനേയും മകനേയും പ്രതിയാക്കി പൊലീസ് കേസെടുത്തു. സൈനുദ്ദീനും കേസില്‍ പ്രതിയാണ്. സിം കാര്‍ഡിന്റെ വിലാസം കണ്ടെത്തി ഫോണ്‍വിളികള്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് പൊലീസ് കൈമാറി. ആദ്യഘട്ടത്തില്‍ സിം കൈമാറിയ ശേഷം പിന്നീട് ഫോണും കടത്താനായിരിക്കാം പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്കു ശേഷമാകും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

Sim card hidden in religious book delivered to jailed PFI leader; case